ഓരോ പൗരനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്‍നിറുത്തി ബൃഹത്തായ പദ്ധതികള്‍ക്കാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് തുടക്കമിട്ടത് . പൊതു വിതരണ മേഖലക്ക് പുതിയ ഊര്‍ജം പകര്‍ന്ന നൂറു ദിവസങ്ങള്‍ക്കിടെ പൊതു വിപണിയില്‍  ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്നത് മികച്ച നേട്ടങ്ങളില്‍ ഒന്നാണ് .വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി മുടങ്ങികിടന്നിരുന്ന റംസാന്‍ ചന്തകള്‍  സംസ്ഥാനത്തുടനീളം പുനഃരാരംഭിച്ചപ്പോള്‍ റെക്കോഡ് വിറ്റുവരവാണ് ലഭിച്ചത് . ആന്ധ്ര അടക്കമുള്ള ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നേരിട്ടെത്തിച്ചു പൊതുവിപണിയില്‍  കുത്തകക്കാരുടെ സംഘടിതമായ വിലപേശല്‍ തന്ത്രങ്ങളെ നേരിട്ട സര്‍ക്കാര്‍, നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് നല്കാനുണ്ടായിരുന്ന കുടിശ്ശികയായ  170 കോടിയും കൊടുത്തു തീര്‍ത്തു .ഗുണ നിലവാരമുള്ള ഭക്ഷ്യ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കി വിലക്കയറ്റത്തിന് കടിഞ്ഞാണിട്ടുകൊണ്ടാണ് സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത് . ഓണക്കാലത്തെ സമൃദ്ധമാക്കാന്‍ 1464 ഓണചന്തകള്‍,ജില്ലകള്‍ തോറും മെഗാഫെയറുകള്‍ ,വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോ അരി തുടങ്ങിയ പദ്ധതികളും നടപ്പാക്കുകയാണ് .ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ റേഷന്‍കാര്‍ഡുകള്‍ ഡിസംബറില്‍ വിതരണം ചെയ്യും .ഒപ്പം സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഏവര്‍ക്കും ഭക്ഷണമെത്തിക്കാനും ലക്ഷ്യമിടുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു.