ഒരു ജനകീയ സര്‍ക്കാരിന്റെ പ്രവര്‍ത്തന മേഖലയില്‍ സുപ്രധാനമായ ഒന്നാണ് ഭക്ഷ്യ പൊതുവിതരണ രംഗം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പൊതു വിപണിയില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് ഓണം, റംസാന്‍ ഉത്സവകാലം വില വര്‍ദ്ധനവ് തടഞ്ഞു നിര്‍ത്തി ഭംഗിയായി കൊണ്ടുപോകുവാന്‍ സാധിച്ചു. ഓണക്കാലത്തിനുശേഷം ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 3 വര്‍ഷമായി നടപ്പാക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തിനുള്ള സബ്സിഡി നിറുത്തലാക്കുകയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരില്‍ നേരിട്ട് സമ്മര്‍ദം ചെലുത്തി സബ്സിഡി പുനഃസ്ഥാപിക്കുകയും ചെയ്തു. സബ്സിഡി പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രം നിര്‍ദ്ദേശിച്ച നിബന്ധന ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കണമെന്നതായിരുന്നു. നിയമത്തിന്റെ പ്രധാന ഘടകം ആയ മുന്‍ഗണനാ പട്ടികയുടെ കരട് മാത്രമാണ് അപ്പോള്‍ ലഭ്യമായിരുന്നത്. കരട് പട്ടികയെ അടിസ്ഥാനമാക്കി പുതിയ നിയമം നടപ്പിലാക്കുകയും പിന്നീട് മുന്‍ഗണനാ പട്ടിക ആക്ഷേപങ്ങള്‍ സ്വീകരിച്ച് പരിഷ്കരിക്കുകയും ആയിരുന്നു സര്‍ക്കാരിന്റെ മുമ്പിലുള്ള ഏക പോംവഴി. അപ്രകാരം കരട് പട്ടികയിലെ 1.54 കോടി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ സൗജന്യ നിരക്കില്‍ ധാന്യവിതരണം നടത്തി. ശേഷിക്കുന്ന മുന്‍ഗണനാ ഇതര വിഭാഗത്തിലെ 1.21 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 2 രൂപ നിരക്കില്‍ 2 കിലോ അരി ലഭ്യമാക്കി. പുതിയ നിയമത്തിന്റെ മറ്റു പ്രധാന ഘടകങ്ങള്‍ ആയ വാതില്‍പ്പടി വിതരണം, റേഷന്‍ കടകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം, ജില്ലാതല പരാതി പരിഹാര സംവിധാനം, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍, എന്നിവയില്‍ എല്ലാം പുരോഗതി കൈവരിക്കുവാന്‍ കഴിഞ്ഞു. വാതില്‍പ്പടി വിതരണത്തിന്റെ പ്രാരംഭ പദ്ധതി കൊല്ലം ജില്ലയില്‍ മാര്‍ച്ച് മാസത്തില്‍ ആരംഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഏപ്രില്‍ മുതലും ബാക്കി ജില്ലകളില്‍ മെയ് മുതലും ആരംഭിക്കുന്നതാണ്. ഇതിനായി ആകെ 90 ഇന്റര്‍മീഡിയറി ഗോഡൗണുകള്‍ കണ്ടെത്തി കഴിഞ്ഞു.

മുടങ്ങിക്കിടന്ന പുതുക്കിയ റേഷന്‍ കാര്‍ഡ് അച്ചടിയും വിതരണവും കൊല്ലം ജില്ലയില്‍ ആരംഭിച്ചു. മെയ് 15 മുതല്‍ സംസ്ഥാനത്ത് മുഴുവനും റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തീകരിക്കും. ഉത്ഭവം മുതല്‍ അവസാനംവരെയുള്ള കമ്പ്യൂട്ടര്‍ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം ചെയ്യുന്നതിനായി റ്റെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. മെയ് മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മുന്‍ഗണന പട്ടികയുടെ പ്രസിദ്ധീകരണത്തിലും, റേഷന്‍ കാര്‍ഡ് വിതരണത്തിലും നിരവധി ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അനര്‍ഹര്‍ ആയവര്‍ ധാരാളം മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയതിനാല്‍ നിരവധി അര്‍ഹതപ്പെട്ടവര്‍ ഒഴിവായിട്ടുണ്ട്. ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്താന്‍ ജില്ലാതല അദാലത്ത് നടത്തും.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വിപണി ഇടപെടല്‍ കാര്യക്ഷമമായി നടത്തുന്നതിന് സപ്ലൈകോ ഇതുവരെ 440 കോടി രൂപ സബ്സിഡിയായി ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപ ഇതിനായി വകയിരുത്തി. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 വര്‍ഷവും വില കൂട്ടില്ലായെന്ന പ്രകടനപത്രികയുലെ വാഗ്ദാനം പാലിച്ചു പോരുകയാണ്. സപ്ലൈകോ ഈ വര്‍ഷം 4200 കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ് കൈവരിച്ചു.

സംസ്ഥാനത്തെ നെല്ലു കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കി നെല്ല് സംഭരിക്കുന്ന പദ്ധതി സപ്ലൈകോ മുഖാന്തിരം നടത്തി വരികയാണ്. സാളിതുവരെ 119617 കര്‍ഷകരില്‍ നിന്ന് 4.37 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. കിലോയ്ക്ക് 22.50 രൂപ നിരക്കില്‍ 986 കോടി രൂപയുടെ നെല്ല് സംഭരിച്ചു. അതില്‍ 625 കോടി രൂപ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ത്തു. നെല്ല് സംഭരിച്ചാലുടന്‍ തന്നെ പണം ലഭ്യമാക്കാന്‍ ബാങ്കുകളുമായി കരാറുണ്ടാക്കുകയും കൃഷിക്കാര്‍ക്ക് ലോണ്‍ അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി വരികയാണ്. ഇതിനു വരുന്ന പലിശ സര്‍ക്കാര്‍ വഹിക്കുന്ന രൂപത്തിലാണ് പദ്ധതി.

റേഷന്‍ സംവിധാനത്തിലെ അഴിമതി പൂര്‍ണമായും ഇല്ലാതാക്കുകയും, സര്‍ക്കാരിന്റെ ധനസഹായം അര്‍ഹതപ്പെട്ടവരില്‍ കൃത്യമായി എത്തിക്കുകയും, കരിഞ്ചന്തയും, വിലക്കയറ്റവും തടയുകയും ചെയ്യുവാനും സാധിക്കുന്ന കര്‍മ്മ പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. സംസ്ഥാന തലത്തിലും, ജില്ലാതലത്തിലും, താലൂക്ക് തലത്തിലും, ന്യായവിലക്കടയുടെ തലത്തിലും വിജിലന്‍സ് കമ്മിറ്റികളും, സോഷ്യല്‍ ഓഡിറ്റും ഈ പരിഷ്കാരത്തിന്റെ ഭാഗമാണ്. ഇടനിലക്കാരായ സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി സര്‍ക്കാര്‍ ഏജന്‍സി നേരിട്ട് കടകളില്‍ ധാന്യം എത്തിക്കുമെന്നതുവഴി റേഷന്‍ സാധനങ്ങളുടെ വകമാറ്റി ചെലവഴിക്കല്‍ ഇല്ലാതാകും. മാന്യമായ വേതനം ലഭ്യമല്ലാത്തതിനാല്‍ റേഷന്‍ വ്യാപാരികള്‍ക്ക് സാധനങ്ങളില്‍ ക്രമക്കേട് നടത്തി വന്നിരുന്ന സാഹചര്യം ഒഴിവാക്കാന്‍ വേതന പാക്കേജ് സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്.

വിശപ്പ് രഹിത കേരളം പദ്ധതി സംസ്ഥാനത്തെ നിര്‍ദ്ധനരായിട്ടുള്ളവര്‍ക്ക് ഒരു നേരത്തെ സൗജന്യ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. പ്രാരംഭ പദ്ധതി ഈ വര്‍ഷം 2 ജില്ലകളില്‍ തന്നെ ആരംഭിക്കുന്നതാണ്. വയോജന പെന്‍ഷന്‍ ലഭിക്കാത്ത വൃദ്ധ അഗതികള്‍ക്ക് പ്രതിമാസം 10 കിലോ ഗ്രാം അരി സൗജന്യമായി ലഭിക്കുന്ന പദ്ധതിക്കും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

വിലക്കയറ്റം തടയുന്നതിനായി ശാസ്ത്രീയ സംവിധാനത്തോടെ പദ്ധതി ആസൂത്രണം ചെയ്യാന്‍ വിലനിയന്ത്രണ സെല്‍ പുനഃസംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു കഴിഞ്ഞു. വിപണിയിലെ സാഹചര്യങ്ങളെ മുന്‍കൂട്ടി മനസിലാക്കി മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ച് വിലവര്‍ദ്ധനവ് തടയുക, ഭക്ഷ്യ സംസ്ക്കരണ രംഗത്ത് സംരംഭകരായിട്ടുള്ളവര്‍ക്ക് പരിശീലന പരിപാടികള്‍ നല്‍കുക, മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ മാവേലി സ്റ്റോറുകള്‍ ആരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ വര്‍ഷം സാധ്യമാകും.

ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രധാനപ്പെട്ട ദൗത്യങ്ങള്‍ സംസ്ഥാനത്തെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കുക എന്നതാണ് നിലവിലുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്. നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നു. വൈകി ലഭിക്കുന്ന നീതി അത് നിക്ഷേധിക്കുന്നതിനു തുല്യമാണ്. ബോധവല്‍ക്കരണ പദ്ധതികള്‍ക്കായി 140 നിയമസഭാ മണ്ഡലങ്ങളിലും കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. ദേശീയ ഉപഭോക്തൃ തര്‍ക്ക കമ്മീഷനില്‍ നിലവില്‍ കേസു നടത്താന്‍ രാജ്യ തലസ്ഥാനത്ത് പോകേണ്ട സാഹചര്യം ആണ് നിലവിലുള്ളത്. സംസ്ഥാനത്ത് ക്യാമ്പ് സിറ്റിംഗ് സൗകര്യം സര്‍ക്കാര്‍ ഒരുക്കി ഉപഭോക്താക്കളെ സഹായിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ലീഗല്‍ മെട്രോളജി വകുപ്പ് ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, റേഷന്‍ കടകള്‍ എന്നിവ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധനകള്‍ നടത്തുകയും ആകെ 23369 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. വകുപ്പിന്റെ സേവനങ്ങളെ സംബന്ധിച്ച സംശയങ്ങള്‍ക്കും, പരാതികള്‍ നല്‍കുന്നതിനുമായി ടോള്‍ ഫ്രീ നമ്പരുള്ള കോള്‍സെന്റര്‍ ആരംഭിക്കും. ലീഗല്‍ മെട്രോളജി വകുപ്പിന്റെ വാഹനങ്ങളില്‍ ലബോറട്ടറി ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച് മൊബൈല്‍ വെരിഫിക്കേഷന്‍ യൂണിറ്റുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. സ്വര്‍ണത്തിന്റെ ശുദ്ധതാ പരിശോധനാ ലാബിന് NABL അക്രഡിറ്റേഷന്‍ നടപടി പൂര്‍ത്തിയാക്കും. ഇതുവഴി പൊതുജനത്തിന് തങ്ങളുടെ സ്വര്‍ണത്തിന്റെ ശുദ്ധി പരിശോധിച്ച് അറിയാന്‍ കഴിയും.