റേഷന്‍കട തലത്തില്‍ അദാലത്തുകള്‍ നടത്തി തീര്‍പ്പ് കല്‍പ്പിച്ച അപേക്ഷകള്‍ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

എ.എ.വൈ. പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ആശ്രയ പദ്ധതി അംഗത്വം, പട്ടിക വര്‍ഗം, നിര്‍ധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വിധവ/അവിവാഹിതയായ അമ്മ/ഉപേക്ഷിക്കപ്പെട്ട സ്ത്രീ/എന്നിവര്‍ ഗൃഹനാഥരായ  (21 വയസ്സിനു മുകളില്‍ പ്രായമായ പുരുഷന്‍മാര്‍ ഇല്ലാത്ത) കുടുംബങ്ങള്‍ക്കും മാരകമായ അസുഖം ബാധിച്ചവര്‍ക്കും യഥാക്രമം മുന്‍ഗണന നല്‍കണം.

മുന്‍ഗണനാപട്ടികയില്‍ ഒരേ മാര്‍ക്ക് ലഭിക്കുകയാണെങ്കില്‍ പട്ടികജാതി കുടുംബം, നിര്‍ധന ഭൂരഹിത/ഭവനരഹിത/പുറമ്പോക്കില്‍ താമസിക്കുന്നവര്‍, 65 വയസ്സിനു മുകളില്‍ പ്രായമായവരുള്ള കുടുംബം, പരമ്പരാഗത തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ ഉള്‍പ്പെട്ട കുടുംബം എന്നിവര്‍ക്ക് ക്രമപ്രകാരം മുന്‍ഗണന നല്‍കണം. എ.എ.വൈ. വിഭാഗത്തില്‍ കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാവുകയും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട കുടുംബങ്ങളുടെ എണ്ണം കുറവുമാണെങ്കില്‍ ഒഴിവു വരുന്ന എ.എ.വൈ. വിഭാഗത്തില്‍ കൂടുതല്‍ മാര്‍ക്കു ലഭിച്ച കുടുംബങ്ങളെ ഉള്‍പ്പെടുത്തണം.

പുതുക്കിയ മാനദണ്ഡപ്രകാരം നിരാശ്രയരായ വൃദ്ധര്‍, ബലഹീനര്‍, ഗര്‍ഭിണികള്‍, വിധവകള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ എന്നിവരടങ്ങിയ കുടുംബങ്ങള്‍ക്ക് മറ്റ് സ്ഥിരവരുമാനമില്ലെങ്കില്‍ ആ കുടുംബങ്ങളെയും ആദിവാസി കുടുംബങ്ങളെയും ശാരീരിക, മാനസിക വെല്ലുവിളികള്‍ മൂലം അവശത അനുഭവിക്കുന്നവരും മറ്റ് വരുമാന മാര്‍ഗമില്ലാത്തവരും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളേയും അന്ത്യോദയ അന്നയോജന പദ്ധതിയില്‍  അംഗങ്ങളാക്കണം.

കൂടാതെ സ്ഥിരം തൊഴിലില്ലാത്തവര്‍ എന്ന് അപേക്ഷയില്‍ രേഖപ്പെടുത്തി ക്ലേശഘടക നിര്‍ണയപ്രകാരം അഞ്ച് മാര്‍ക്കില്‍ കൂടുതല്‍ വാങ്ങി പട്ടികയില്‍ മുന്‍ഗണന നേടിയവര്‍ക്ക് പുതുക്കിയ മാനദണ്ഡങ്ങള്‍പ്രകാരം ലഭിച്ച റാങ്ക് എത്രയെന്ന് പ്രത്യേകം പരിശോധിച്ച് അനര്‍ഹരായവരെ പുന:ക്രമീകരിക്കുകയും വേണം.

Please follow and like us: