തിരുവനന്തപുരം > കൃഷിക്കാരുടെ അക്കൗണ്ടിൽ നെല്ലിന്‍റെ സംഭരണവില ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് സഹകരണസംഘങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത് സർക്കാരിന്‍റെ  പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു. കെ വി വിജയദാസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. പിആർഎസ് സ്കീമിൽ സഹകരണസംഘങ്ങളെ ഉൾപ്പെടുത്താൻ നിരവധി ചർച്ച നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച കരട് ഉത്തരവ് ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇത് പഠിക്കാൻ നിശ്ചയിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാൽ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നെല്ല് സംഭരണത്തിനാവശ്യമായ എല്ലാ കാര്യവും സർക്കാർ മുൻകൂട്ടി ചെയ്തിട്ടുണ്ട്. കുട്ടനാട്, പാലക്കാട്, കോട്ടയം മേഖലകളിൽ ഒട്ടേറെ യോഗം നടത്തി. കോട്ടയം കരിനിലത്ത് ഉൽപ്പാദിപ്പിച്ച നെല്ലിന്റെ ഗുണമേന്മയെക്കുറിച്ച് ചില തർക്കങ്ങളുണ്ട്. മില്ലുടമകൾ നെല്ല് സ്വീകരിക്കാൻ തയ്യാറാകുന്നില്ല. തുടർ ചർച്ചകൾ നടത്തി ഇത് പരിഹരിക്കും. നടപ്പുവർഷത്തിനു മുമ്പ് പിആർഎസ് സ്കീം വഴി 15,800 പേരിൽനിന്നാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. ഇതിൽ 3600ഓളം പേർക്ക് ഇനിയും പണം നൽകാനുണ്ട്. ബാങ്കുകളുടെ കൺസോർഷ്യവുമായി ഉണ്ടാക്കിയ ധാരണപ്രകാരം 70 വയസ്സിനു മേലുള്ള കർഷകർക്ക് ഈ സ്കീം ലഭ്യമാക്കാൻ ചില തടസ്സമുണ്ട്. കൂടാതെ ഗൾഫിലും മറ്റുമുള്ളവർക്കും പണം നൽകുന്നതിനും തടസ്സം പറയുന്നുണ്ട്. ഇത് പരിഹരിക്കാൻ പാലക്കാട് ജില്ലാ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുവരികയാണെന്നും മന്ത്രി അറിയിച്ചു.

Please follow and like us: