സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലും റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനുള്ള പദ്ധതി തയാറായിട്ടുള്ളതായി  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.  അട്ടത്തോട് കിഴക്ക് കമ്യൂണിറ്റി ഹാളില്‍ പട്ടികവര്‍ഗ കോളനിയിലെ 191 കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നേരിട്ട്  ഊരുകളില്‍ എത്തിക്കുന്നതിന്റെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആദിവാസി ഊരുകളില്‍ റേഷന്‍ ധാന്യങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല എന്നു സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു. പലപ്പോഴും വലിയ ദൂരം താണ്ടി റേഷന്‍ കടകളില്‍ എത്തി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള മടിയായിരുന്നു ഒരു കാരണം. മറ്റൊരു കാരണം വിതരണക്കാര്‍ ആദിവാസികള്‍ക്ക് ധാന്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതായിരുന്നു. സംസ്ഥാനം ഒട്ടാകെയുള്ള ഈ പ്രശ്‌നം കണക്കിലെടുത്ത് തൃശൂര്‍ ജില്ലയിലെ ഒരു ആദിവാസി ഊരില്‍ പൈലറ്റ് പദ്ധതിയായി റേഷന്‍ ധാന്യങ്ങള്‍ എത്തിക്കുന്ന സംവിധാനം നടപ്പാക്കിയിരുന്നു. ഈ പദ്ധതി വിജയമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംസ്ഥാനം ഒട്ടാകെ നടപ്പാക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വനം, പട്ടികജാതി-പട്ടിക വര്‍ഗ വികസനം, ഭക്ഷ്യപൊതുവിതരണം എന്നീ വകുപ്പുകളിലെ മന്ത്രിമാരുടെ സംയുക്ത യോഗം വിളിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള കരട് രൂപം തയാറാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി റേഷന്‍ സാധനങ്ങള്‍ ആദിവാസി ഊരുകളില്‍ എത്തിക്കുന്ന ആദ്യത്തെ പദ്ധതിയാണ് അട്ടത്തോട്ടിലേത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ള പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും വയനാട് ജില്ലയിലുമാണ് അടിയന്തിരമായി പദ്ധതി നടപ്പാക്കേണ്ടതെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിലെ നാല് ഉദ്യോഗസ്ഥരെ പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്ന പദ്ധതിയുടെ സര്‍വേ നടത്തുന്നതിനും രൂപരേഖ തയാറാക്കുന്നതിനും നിയോഗിച്ചിട്ടുണ്ട്. ഈ ഓണത്തിനു മുന്‍പ് പദ്ധതി എല്ലായിടത്തും നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പില്‍ അല്‍പ്പം കാലതാമസം ഉണ്ടാകും. എന്നാല്‍, ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ണമായും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിഎം പി.ടി. ഏബ്രഹാം, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സജി, ഗ്രാമപഞ്ചായത്ത് അംഗം രാജന്‍ വെട്ടിക്കല്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്. ബീന, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ആദിവാസി ഊര് മൂപ്പന്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.