സംസ്ഥാനത്തെ എല്ലാ സപ്ലൈകോയിലും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും സപ്ലൈകോയുടെ ഒരു ഔട്ട്‌ലെറ്റെങ്കിലും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൈപ്പട്ടൂരില്‍ സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ ഇന്ന് ഏറെ സഹായകരമായിട്ടുള്ളത് സപ്ലൈകോയുടെ സാന്നിധ്യമാണ്. സംസ്ഥാന  സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും സബ്‌സിഡി ഇനങ്ങള്‍ക്ക് ഒരു നയാ പൈസപോലും വര്‍ദ്ധനവ് വരുത്തിയിട്ടില്ല. 38 രൂപയ്ക്ക് മുകളില്‍ വില ഉണ്ടായിരുന്ന അരി ഇന്ന് 32 രൂപയ്ക്ക് സപ്ലൈകോയില്‍ ലഭ്യമാണ്. സബ്‌സിഡി വില 25 രൂപ മാത്രമാണ്. വെളിച്ചെണ്ണ, പഞ്ചസാര എന്നിവയും മിതമായ വിലയ്ക്ക് ഇവിടെ ലഭ്യമാണ്.പുതിയതായി കാര്‍ഡ് അനുവദിക്കുന്നതോടെ 85 ലക്ഷം പേരാണ് കാര്‍ഡുടമകളാകുന്നത്. ഇവരില്‍ 87 ശതമാനം പേര്‍ മാത്രമാണ് റേഷന്‍ കടകള്‍ ഉപയോഗപ്പെടുത്തുന്നത്. 100 ശതമാനം ആളുകളും റേഷന്‍ കടകളെ ആശ്രയിക്കുന്ന തരത്തിലേക്ക് ആകര്‍ഷകമായ വിലനിലവാരവും ഗുണമേന്മയുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. 1600ഓളം സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും എല്ലാവര്‍ക്കും സേവനം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ.പി.ജയന്‍, സോമന്‍ പാമ്പായിക്കോട്, കെ.കെ.ബാബു, കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.പി.ജെ.പത്രോസ്, സംഘാടക സമിതി ചെയര്‍മാന്‍ ജോണ്‍ മാങ്കൂട്ടത്തില്‍, രാജു നെടുവംപുറം, സപ്ലൈകോ മേഖലാ  മാനേജര്‍ ബി.ജ്യോതികൃഷ്ണ, ഡിപ്പോ മാനേജര്‍ സി.വി.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.