*താത്കാലിക പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കും
*തീരമേഖലയിലെ എം.എൽ.എമാരുടെ യോഗം ചേർന്നു

കടലാക്രമണം പ്രതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോർ ബ്രേക്ക്‌വാട്ടർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവർക്കായി താത്കാലിക പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിൽ ചേർന്ന സംസ്ഥാനത്തെ തീരമേഖലയിലെ എം.എൽഎമാരുടെ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുലിമുട്ടുകൾ നിർമിക്കുന്നതിനാവശ്യമായ കരിങ്കല്ലിന്റെ ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ  സ്വീകരിക്കും. നിലവിൽ കല്ലിടുന്നതിന്റെ നിരക്ക് കുറവാണെന്നത് പരിശോധിച്ച് അതിൽ മാറ്റം വരുത്തുന്നത് ആലോചിക്കും. കടലാക്രമണം സംബന്ധിച്ച്  ശാസ്ത്രീയമായി പഠിക്കും. തീരപ്രദേശത്തുനിന്ന് നൂറിലേറെപേരെ ഒന്നിച്ചു മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യത്തിൽ ഒരു പാക്കേജായി സ്ഥലം കണ്ടെത്തി പുനരധിവാസം നടപ്പാക്കുന്നത്  പരിഗണിക്കും. തീരപ്രദേശത്തെ കൈയേറ്റം തടയുന്നതിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണം. തുടർനടപടികൾക്കും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, പി.തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, കെ.ടി.ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എം.എൽ.എമാരായ വി.എസ്്.ശിവകുമാർ, എം.കെ.മുനീർ, സി.കെ.നാണു, എ.പ്രദീപ്കുമാർ, എൻ. വിജയൻപിള്ള, വി.ജോയ്, ടി.വി.രാജേഷ്, എ.എൻ.ഷംസീർ, കെ. ആൻസലൻ, വി.അബ്ദുറഹ്മാൻ, ഇ.ടി.ടൈസൺ മാസ്റ്റർ, എം.രാജഗോപാലൻ, ആർ. രാമചന്ദ്രൻ, എം.മുകേഷ്, എം.നൗഷാദ്, കെ.ജെ.മാക്സി, കെ.വി.അബ്ദുൾഖാദർ, കെ. ദാസൻ, എം.വിൻസന്റ്, ഗീത ഗോപി, എൻ.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ തുടങ്ങിയവരും ജലവിഭവവകുപ്പ് അഡീഷണൽ ചീഫ സെക്രട്ടറി വിശ്വാസ് മേത്ത, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ജലവിഭവവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കടേസപതി തുടങ്ങിയ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.