കോട്ടയം ജില്ലയിലെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാണെന്ന്  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍            പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം സമൂഹ സംഗമം കോട്ടയം മാമ്മന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദുരന്ത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജില്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉതകുംവിധമുള്ള പുനര്‍ നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. പ്രളയത്തില്‍ തകര്‍ന്ന കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളെല്ലാം ജനകീയമായി വീണ്ടെടുക്കാന്‍ സാധിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും- മന്ത്രി പറഞ്ഞു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍   എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ജില്ലയില്‍ നടത്തിയ  പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അവതരിപ്പിച്ചു. എം.എല്‍.എമാരായ അഡ്വ. കെ. സുരേഷ് കുറുപ്പ്, ഡോ. എന്‍. ജയരാജ്, ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജെസിമോള്‍            മനോജ്,  നഗരസഭാ അധ്യക്ഷന്‍മാരായ ഡോ. പി. ആര്‍ സോന, പി. ശശിധരന്‍, ജോര്‍ജ് പുല്ലാട്ട്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.എന്‍ വാസവന്‍, സി. കെ ശശിധരന്‍, കാണക്കാരി അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

സബ്കളക്ടര്‍  ഈഷ പ്രിയ, അസിസ്റ്റന്റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍, പോലീസ് അഡീഷണല്‍ സൂപ്രണ്ട് എ. നസീം, എ.ഡി.എം അലക്‌സ് ജോസഫ്, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.