കുടുംബബജറ്റിൽ അമിതഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രയാസങ്ങൾക്കിടയിലും ഓണം ആഘോഷിക്കുക എന്ന പൊതുവികാരത്തിനൊപ്പം നിന്നുകൊണ്ടാണ് കുറഞ്ഞവിലയുമായി സപ്ലൈകോ വിപണി ഇടപെടൽ നടത്തുന്നത്.


കഴിഞ്ഞവർഷത്തെ പ്രളയത്തിനുശേഷം പുനർനിർമാണം നല്ലരീതിയിൽ നടന്നുവരവേയാണ് ഈ വർഷവും മഴക്കെടുതിയുണ്ടായത്. മറ്റുള്ളവർക്ക് മാതൃകയാകുന്ന ഒരുമയോടും ഐക്യത്തോടുമാണ് ദുരന്തത്തെ നാം അതിജീവിക്കാൻ ശ്രമിച്ചത്. ഈ പ്രതിസന്ധികൾ കൂടി കടക്കിലെടുത്താണ് ഇത്തവണ ഗൃഹോപകരണങ്ങൾ കൂടി സപ്ലൈകോ ഫെയറുകൾ വഴി കുറഞ്ഞവിലയ്ക്ക് വിൽപന നടത്താൻ തീരുമാനിച്ചത്.
14 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ സംവിധാനത്തിൽ വിലകയറുന്നില്ല. ഇതിനുപുറമേയാണ് ഓണത്തിന് അതിവിപുല തയാറെടുപ്പുകളുമായി ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാനത്തുടനീളം ഫെയറുകൾ നടത്തുന്നത്. വിപണി വിലയുമായി താരതമ്യം ചെയ്താൽ വലിയ വിലക്കുറവിലാണ് ഇവിടങ്ങളിൽ വിൽപന. ഇതുകൂടാതെ, ഹോർട്ടികോർപ്, കൺസ്യൂമർഫെഡ് എന്നിവരും ഓണത്തിന് പ്രത്യേക സ്റ്റാളുകൾ തുറക്കും. വിവിധ സഹകരണസംഘങ്ങളും ഓണച്ചന്തകൾ ഒരുക്കുന്നുണ്ട്. വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കി ഓണം സമൃദ്ധമാക്കുകയാണ് ഇവയുടെ എല്ലാം ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം ഫെയറിൽ ആദ്യവില്പനയും മുഖ്യമന്ത്രി നിർവഹിച്ചു.
ഓണനാളുകളിൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം പകരാനാണ് 1500 ഓളം ഓണച്ചന്തകൾ ആരംഭിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.
എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി മിനി ആൻറണി, സിവിൽ സപ്ലൈസ് ഡയറക്ടർ നരസിംഹുഗാരി ടി.എൽ. റെഡ്്ഢി, കൗൺസിലർ എസ്.കെ.പി രമേശ്, ജി.ആർ. അനിൽ തുടങ്ങിയവർ സംബന്ധിച്ചു. സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ കെ.എൻ. സതീഷ് സ്വാഗതവും ജനറൽ മാനേജർ ആർ. റാം മോഹൻ നന്ദിയും പറഞ്ഞു.


ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ ഒരു കിലോയ്ക്കുള്ള സബ്‌സിഡി വില, നോൺ സബ്‌സിഡി വില എന്ന നിലയിൽ ചുവടെ:
ചെറുപയർ- 61 (80), ഉഴുന്ന്- 60 (66), കടല- 42 (63), വൻപയർ- 45 (70), തുവരപ്പരിപ്പ്- 58 (69), മുളക്- 75 (130), മല്ലി- 82 (96), പഞ്ചസാര- 22 (37), ജയ അരി- 25 (32), മാവേലി പച്ചരി (സോർട്ടക്‌സ്)- 23 (27), മാവേലി മട്ട അരി (സോർട്ടക്‌സ്)- 24 (35), ശബരി വെളിച്ചെണ്ണ അരലിറ്റർ- 46.

Please follow and like us: