തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ സപ്ളൈക്കോയുടെ കീഴിലുള്ള 1546 വിപണന കേന്ദ്രങ്ങളിലൂടെ വിപണനം ചെയ്യുന്നതിനുള്ള അവസരമൊരുങ്ങുന്നു. സപ്ളൈക്കോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സപ്ളൈക്കോയുടെ കീഴിലുള്ള മറ്റ് വിപണന കേന്ദ്രങ്ങള്‍ വഴിയും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്, ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി പി.തിലോത്തമന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സപ്ളൈക്കോ മാനേജിങ്ങ് ഡയറക്ടര്‍ എസ്.സതീഷ് എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു. ആദ്യഘട്ടത്തില്‍ കുടുംബശ്രീയുടെ കീഴിലുള്ള ആയിരം സംരംഭകരുടെയെങ്കിലും ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും അതുവഴി വലിയൊരു വിപണി സാധ്യത തുറന്നു കിട്ടുന്നതും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ പദ്ധതിയുടെ തുടക്കം. സപ്ളൈക്കോയുമായി കരാറില്‍ ഏര്‍പ്പെട്ടതോടെ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണനത്തിനുള്ള അവസരവും സംരംഭകര്‍ക്ക് കൂടുതല്‍ വരുമാന ലഭ്യതയും ഉറപ്പു വരുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു. സപ്ളൈക്കോയ്ക്ക് ആവശ്യമായ പുട്ടുപൊടി, അപ്പം പൊടി, വെളിച്ചണ്ണ, ആട്ട, കുട എന്നിവ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ പായ്ക്ക് ചെയ്ത് കൊടുക്കുക എന്നതാണ് രണ്ടു ഭാഗങ്ങളുള്ള കരാറിലെ ആദ്യഭാഗം. ഇതു പ്രകാരം സപ്ളൈക്കോ ആവശ്യപ്പെടുന്ന അളവനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ സംരംഭകരില്‍ നിന്നും വാങ്ങി മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് കുടുംബശ്രീ നല്‍കും.കുടുംബശ്രീയിലെ വിവിധ സംരംഭങ്ങള്‍ വഴി ഉല്‍പാദിപ്പിക്കുന്ന മറ്റ് ഉല്‍പന്നങ്ങള്‍ സപ്ളൈക്കോയ്ക്ക് നല്‍കുന്നതാണ് കരാറിന്‍റെ രണ്ടാം ഭാഗം. ഇതിന്‍റെ ഭാഗമായി സപ്ളൈക്കോയുടെ ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഗുഡ്സ് വിപണനവുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഉല്‍പന്നങ്ങളുടെ വിശദാംശങ്ങള്‍ അവരില്‍ നിന്നു തന്നെ പ്രത്യേകം തയ്യാറാക്കിയ ഫോമില്‍ പൂരിപ്പിച്ചു വാങ്ങിയ ശേഷം ജനുവരി 30നകം കുടുംബശ്രീ സപ്ളൈക്കോയ്ക്ക് നല്‍കും. ഈ പട്ടികയില്‍ നിന്നും അംഗീകാരം ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ സപ്ളൈക്കോയുടെ 56 പ്രാദേശിക ഡിപ്പോകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏല്‍പിക്കും. തുടര്‍ന്ന് ഈ ഡിപ്പോകളില്‍ നിന്നും വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഉല്‍പന്നങ്ങള്‍ നല്‍കുകയും ഇത് വിറ്റഴിയുന്ന മുറയ്ക്ക് ആവശ്യാനുസരണം വീണ്ടും ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനുമാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. ഉല്‍പന്ന വിതരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്.