വിശപ്പുരഹിതകേരളം സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ സംരംഭമായ ‘സുഭിക്ഷ ഹോട്ടൽ’ കുന്നംകുളം മുനിസിപ്പാലിറ്റി ഓഫീസ് അങ്കണത്തിൽ ഫെബ്രുവരി 28ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 11ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. എസ്. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചെയർമാനായുള്ള സുഭിക്ഷ സമിതിയുടെ പദ്ധതിയിലൂടെ ഹോട്ടലിൽ 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കും. ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്നവർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് ഏറെ സഹായകരമാകുന്ന പദ്ധതിയാണിത്. ആശ്രിതരല്ലാത്ത, സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ സാധിക്കാത്ത കിടപ്പു രോഗികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും ഉച്ചഭക്ഷണം എത്തിച്ചുനൽകുന്നതാണ് രണ്ടാം ഘട്ട ലക്ഷ്യം. ഹോട്ടൽ നടത്തുന്ന ചുമതല കുടുംബശ്രീയുടെ കാറ്ററിംഗ് വിഭാഗമായ എഐഎഫ്ആർഎച്ച്എമ്മിനാണ്.