കുന്നംകുളം നഗരസഭയിലെ ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത കാന്റീനിൽ നിന്ന് ആദ്യ ദിനം ഭക്ഷണം കഴിച്ചത് ആയിരത്തോളം പേർ. ഉദ്ഘാടന ചടങ്ങിനു ശേഷം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു. തുടർന്ന് നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് പി എം സുരേഷ്, സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവരും 20 രൂപ നൽകി ഭക്ഷണം കഴിച്ചു.
ചോറ്, സാമ്പാർ, അച്ചാർ, കായ- പയർ ഉപ്പേരി, പപ്പടം, മോര്, രസം എന്നിവയായിരുന്നു ആദ്യ ദിവസത്തെ വിഭവങ്ങൾ. 12.30 മുതൽ ആരംഭിച്ച ഭക്ഷണ വിതരണം മൂന്നു മണി വരെ നീണ്ടു നിന്നു. ഭക്ഷണം കഴിക്കാൻ നിർവാഹമില്ലാത്തവർക്കും രോഗികൾക്കുമുള്ള 10 സൗജന്യ ഭക്ഷണവും വിതരണം ചെയ്തു.