ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന കുന്നംകുളം നഗരസഭയിലെ വിശപ്പുരഹിത ഹോട്ടൽ പുതുരുചിയ്‌ക്കൊപ്പം ഒട്ടേറെ പുതുമകളും സന്ദർശകർക്കായി കരുതിവച്ചിരിക്കുന്നു. ആധുനിക രീതിയിലുള്ള അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ചുള്ളതും തികച്ചും സ്ത്രീ സൗഹൃദവുമാണ് ഈ കാന്റീൻ. നാടൻ രുചികളാണ് ഇവിടുത്തെ പ്രത്യേകത. ചോറ്, സാമ്പാർ, ഉപ്പേരി, അച്ചാർ, പപ്പടം, മോര് അല്ലെങ്കിൽ രസം എന്നിവയാണ് പ്രധാന മെനു. ഊണിനൊപ്പം ഹെൽത്തി ടിപ്‌സായി കഞ്ഞിവെള്ളവും ഇവിടെ ആവശ്യക്കാർക്ക് ലഭിക്കും. പ്രായമായവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഇത് തയ്യാറാക്കുന്നത്.

ഉച്ചയ്ക്ക് 12. 30 മുതൽ ആരംഭിക്കുന്ന ഉച്ചയൂണ് നേരത്തെ തന്നെ തയ്യാറാകും. എന്നാൽ രണ്ടുമണിക്ക് ശേഷം ചെന്നാലും ചൂടോടെ ഭക്ഷണം കഴിക്കാം. സ്റ്റീമർ ഉപയോഗിച്ച് എല്ലാ വിഭവങ്ങളും പാചകം ചെയ്യുന്നതിനാലാണ് എപ്പോഴും ഭക്ഷണത്തിൽ ചൂട് നിലനിൽക്കുന്നത്. ഗ്രൈൻഡർ അടക്കമുള്ള ഭക്ഷ്യ ഉപകരണങ്ങൾ ഫുഡ് സേഫ്റ്റി 304 ഗ്രാൻഡ് ക്വാളിറ്റിയിലുള്ളതായതിനാൽ തന്നെ മികച്ച രീതിയിൽ ഭക്ഷണം പാകം ചെയ്യാനാവുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. പാത്രങ്ങൾ നിലവാരമുള്ള സ്റ്റീൽ ഉപയോഗിച്ചുള്ളവയാണ്. 100 ലേറെ പേർക്ക് ഒരേ സമയം ഉച്ചയൂണ് കഴിക്കാനുള്ള സൗകര്യമാണ് കാന്റീനിലുള്ളത്. ട്രോളിയിലാണ് ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നത്. പച്ചക്കറികൾ അരിഞ്ഞെടുക്കാനുള്ള പുതിയ സംവിധാനങ്ങളും ഇവിടെയുണ്ട്. കാന്റീനിൽ ബെയ്ൻ മാരി ട്രോളിയിൽ ഉച്ചയൂണും അനുബന്ധ പദാർത്ഥങ്ങളും നിരയായി വെയ്ക്കാനും ആവശ്യത്തിന് എടുത്തുപയോഗിക്കാനും സംവിധാനങ്ങളുണ്ട്. കുറവ് എണ്ണയിൽ മീൻ വറുക്കുന്നതിനുള്ള ഷാലോ ഫാറ്റ് ഫിഷർ ഉപകരണവും കാന്റീനിലുണ്ട്. ഇതിലൂടെ ആരോഗ്യപ്രദമായ രീതിയിൽ മീൻ വറവ് വിഭവങ്ങളും കഴിക്കാം. കൂടാതെ യന്ത്രസഹായത്തോടെ മുറിച്ച മീൻ മുളകു ചേർത്ത് സൂക്ഷിക്കുന്ന പുത്തൻ സൗകര്യവും അടുക്കളയിലുണ്ട്. ആധുനിക സൗകര്യത്തോടെയുള്ള ഹൂഡ് എന്ന പുകരഹിത അടുപ്പുകളാണ് മറ്റൊരു പ്രത്യേകത. അടുക്കളയുടെ പുറത്ത് പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ചാണ് ഗ്യാസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒരു ഗ്യാസ് കണക്ഷനിൽ നിന്ന് ഒരേസമയം ഒട്ടേറെ കണക്ഷനുകൾ പ്രവർത്തിക്കും. ഇതോടൊപ്പം സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന അടുക്കളയും ഇവിടെയുണ്ട്. പരിശീലനം ലഭിച്ച പത്തോളം കുടുംബശ്രീ പ്രവർത്തകരാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. നഗരസഭയിലെ തുമ്പപ്പൂ കുടുംബശ്രീയ്ക്ക് വേണ്ട മാർഗനിർദേശവുമായി യുവ സംരംഭകരായ ഐഫ്രം ഗ്രൂപ്പും സജീവമായി കാന്റീനിലുണ്ട്. നിശ്ചിത സമയം വരെ മാത്രമാണ് 20 രൂപയ്ക്ക് ഊണു ലഭിക്കുക. സ്പെഷ്യൽ വിഭവങ്ങൾ വാങ്ങുന്നവർ അതിനുള്ള പൈസയും നൽകണം. വിശപ്പുരഹിത കാന്റീൻ നിർമിക്കുന്നതിനായി 25,66,300 രൂപയാണ് നഗരസഭ ചെലവഴിച്ചത്. ഭക്ഷണം കഴിക്കാൻ നിർവാഹമില്ലാത്തവർക്കും രോഗികൾക്കുമായി പത്ത് സൗജന്യ ഭക്ഷണമാണ് നഗരസഭ ദിവസവും നൽകുക. നഗരസഭയിലെ ഒരു ചാക്ക് പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് നൽകുന്നവർക്കും സൗജന്യ ഭക്ഷണം നൽകും. നഗരസഭ സെക്രട്ടറി മുഖേന കർഷകർക്ക് പച്ചക്കറികൾ നൽകാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്