ഇ-പോസ് മുഖേന 29 മുതൽ റേഷൻ വിതരണം പുനരാരംഭിക്കും. സെർവർ തകരാർ കാരണം ഇ-പോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ നിലവിലെ സർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻ.ഐ.സി പൂർത്തിയാക്കി. എൻ.ഐ.സി ഹൈദരാബാദിന്റെ നിർദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്. ഇതിനു ശേഷം സ്റ്റേറ്റ് ഐ.ടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തി.

29 രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിലും റേഷൻ വിതരണം നടക്കും. മെയ് 3 വരെ ഈ സമയ ക്രമം തുടരും. മെയ് 5 വരെ ഏപ്രിലിലെ റേഷൻ വിതരണം ഉണ്ടായിരിക്കും. ആറിന് മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഫീൽഡിൽ ഉണ്ടാകും.