ഓണക്കാലത്തെ വരവേൽക്കാൻ വിപുലമായ പരിപാടികൾ
ഈ ഓണക്കാലത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നത്. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് ആവശ്യമായ വിപുലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഓണച്ചന്തകൾ
സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാനതല ഓണം ഫെയർ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറിന് തുടക്കമാകും. ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ്.
വിപണിയിടപെടൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ സംഘടിപ്പിക്കും. അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഇതിലൂടെ ഉൾപ്രദേശങ്ങളിലടക്കം എത്തിക്കാനാകും.
അരി, വെളിച്ചെണ്ണ
അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/- രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും.
വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തിൽ, സാധാരണക്കാർക്ക് മിതമായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ സപ്ലൈകോ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പുതിയ ടെൻഡർ വിളിക്കുകകയും വിതരണക്കാരുമായി ചർച്ച ചെയ്ത് വില സംബന്ധിച്ച ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്സിഡിയായും നോൺ സബ്സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും, സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും MRPയേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കും. സൺഫ്ലവർ ഓയിൽ , പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.
ഓണക്കിറ്റുകൾ
AAYകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ നൽകുന്നതാണ്. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.
സബ്സിഡി ഇനങ്ങൾ
വൻപയർ, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വില കുറച്ചു.
വൻ പയറിന് 75 രൂപയിൽ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയിൽ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്.
സബ്സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. (കിലോയ്ക്ക് 115.5/- അര കിലോയ്ക്ക് 57.50/-)
വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്സിഡി സാധനങ്ങളും ഇപ്പോൾ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവൻ സബ്സിഡി സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരി ഉൽപ്പന്നങ്ങൾ
ശബരി ബ്രാൻഡിൽ 5 പുതിയ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നത്. സേമിയ / പാലട പായസം മിക്സ് (200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട വടിയരി, മട്ട ഉണ്ടയരി എന്നിവയാണ് പുതിയ ഉത്പന്നങ്ങൾ .
ഈ പുതിയ ഉൽപ്പന്നങ്ങളുടെ launchingഓഗസ്റ്റ് മാസം 18ാം തീയതി സപ്ലൈകോ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് നടത്തുകയാണ്.
അരി നേരിട്ട് തെരഞ്ഞെടുത്ത്, മില്ലുകൾ വഴി സംസ്കരിച്ച് പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് പുട്ടുപൊടിയും അപ്പം പൊടിയും ശബരി ബ്രാൻഡിൽ വിപണനം ചെയ്യും.
FMCG ഉൽപ്പന്നങ്ങൾ
FMCGവിഭാഗത്തിൽ 32 മേജർ കമ്പനികളിൽ നിന്നുമായി 288 ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളോടെ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും.
സിഗ്നേച്ചർ മാർട്ട്
സപ്ലൈകോയുടെ 3 പ്രധാന ഔട്ട് ലെറ്റുകൾ ഈ വർഷം സിഗ്നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട് ലെറ്റുകൾ ആക്കി മാറ്റും. ഈ ഓണക്കാലത്ത് തലശ്ശേരി ഹൈപ്പർമാർക്കറ്റ്, സിഗ്നേച്ചർ മാർട്ട് ആക്കി മാറ്റിക്കൊണ്ടാണ് ഈ വലിയ മാറ്റത്തിന് തുടക്കമാവുക. സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ് എന്നിവയും സിഗ്നേച്ചർ മാർട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താവിന് നൽകുകയാണ് സിഗ്നേച്ചർ മാർട്ടിന്റെ ലക്ഷ്യം.
കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വിൽപനയാണ് നടന്നത്. ഇത്തവണ 250 കോടിയിൽ കുറയാത്ത വിൽപനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
മറ്റുകാര്യങ്ങൾ
ഇത്തവണ ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവർക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
ഓണക്കാലത്ത് ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും, റസിഡൻസ് അസോസിയേഷനുകൾക്കും, ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 2500/- രൂപയിലധികം സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കായി ഒരു lucky draw നടത്തും. ഒരു പവൻ സ്വർണ്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകുക. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകൾ ദിവസേന നടത്തി വിജയികൾക്ക് വെളിച്ചെണ്ണയടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട് .
43,000 മുൻഗണനാ കാർഡുകൾ
അർഹരായ 43,000 കുടുംബങ്ങൾക്ക് കൂടി ഓണത്തിന് മുമ്പ് മുൻഗണനാ കാർഡ് അനുവദിക്കും.
പുതിയ മുൻഗണനാ കാർഡിനായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാവുന്നതാണ്.
റേഷൻകടകൾ വഴി ഓണത്തിന് സ്പെഷ്യൽ അരി.
എ.എ.വൈ (മഞ്ഞ) കാർഡിന് ഒരു കിലോ പഞ്ചസാര ലഭ്യമാക്കും.
പി.എച്ച്.എച്ച് (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും.
എൻ.പി.എസ് (നീല) കാർഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും.
എൻ.പി.എൻ.എസ് (വെള്ള) കാർഡിന് ആകെ 15 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും.
എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്.
ആദ്യ പാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത AAYകാർഡുകൾക്ക് 2 ലിറ്റർ മണ്ണെണ്ണയും മറ്റ് വിഭാഗം കാർഡുകാർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും രണ്ട് പാദത്തിലെയും ചേർത്ത് ഓഗസ്റ്റ് മാസം അനുവദിച്ചിട്ടുണ്ട്.