കേരള സര്‍ക്കാരിന്റെ ഏകീകൃത സേവന വിതരണ സംവിധാനം
October1, 2021.4.30 pm
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി. പിണറായി വിജയന് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യുന്നു
കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ മുഖാന്തിരം സമൂഹത്തിലെ നാനാതുറകളില്‍പെട്ട ജനങ്ങള്‍ക്ക് ഒട്ടേറെ സേവന പദ്ധതികള്‍ ലഭ്യമാക്കുന്നുണ്ട്. സേവന അവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്പ്പെടിത്തിയിരിക്കുന്ന (RTS) സേവനങ്ങളില്‍ ഭൂരിപക്ഷവും ഓണ്‍ലൈന്‍ വഴി വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ തങ്ങളുടെ വീടുകളില്‍ ഇരുന്നുതന്നെ സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ഒരു ഏകീകൃത പോര്‍ട്ടലിലൂടെ ലഭ്യമാവേണ്ടത് അനിവാര്യമാണ്. നിലവില്‍ വ്യത്യസ്ത വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഓരോ വകുപ്പുകളുടെയും വെബ്സൈറ്റ് മുഖാന്തിരം ഉപയോഗിയ്ക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ എല്ലാ വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ‘e-സേവനം’ എന്ന കേന്ദ്രീകൃത സര്‍വീസ് പോര്‍ട്ടലിനു ഐ ടി മിഷന് രൂപം നല്‍കിയിട്ടുള്ളത്.
കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ‘ഇന്റര്‍നെറ്റ് എന്റെ അവകാശം’ എന്നത്
‘e-സേവനം’ (www.services.kerala.gov.in) എന്ന ഏകീകൃത പോര്‍ട്ടല്‍ വഴി ഫലപ്രദമാവുകയാണ്. പ്രസ്തുത പോര്‍ട്ടലില്‍ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചയാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകളും കുട്ടികളും, യുവജനങ്ങള്‍ &നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ&പെന്‍ഷനേഴ്സ് , പൊതു ഉപയോഗ സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ 9 ആയി തരം തിരിച്ചിട്ടുണ്ട്.കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്. വെബ്പോര്‍ട്ടല്‍ കൂടാതെ മേല്‍ പറഞ്ഞ എല്ലാ സേവനങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള m-Sevanam മൊബൈല്‍ ആപ്പും നിര്‍മിച്ചിട്ടുണ്ട്. ഇത് ആന്‍ഡ്രോയിഡ്, iOS എന്നീ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. വിവിധ വകുപ്പുകളുടെ 450-ലധികം സേവനങ്ങള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
‘e-സേവനം’ പോര്‍ട്ടലിനോടൊപ്പം കേരള സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ ആയ www.kerala.gov.in ഉം നവീകരിച്ച് ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന ഓണ്ലൈന്സേവനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ ലഭ്യമാക്കുന്ന സര്‍വീസ് ഡാഷ്ബോര്‍ഡ്(dashboard.kerala.gov.in) വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഓരോ വകുപ്പുകളുടെയും സേവന വിതരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പോര്‍ട്ടലില്‍ ലഭ്യമാകും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പുറപ്പെടുവിയ്ക്കുന്ന, സര്‍ക്കുലറുകള്‍, ഓര്‍ഡറുകള്‍ അറിയിപ്പുകള്, വിജ്ഞാപനങ്ങള്‍ ടെന്‍ഡറുകള്‍ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്റോറി പോര്‍ട്ടലും കേരള സ്റ്റേറ്റ് പോര്‍ട്ടലിന്റെ ഭാഗമായി വികസിപ്പിച്ചട്ടുണ്ട്.
ഐടി വകുപ്പിന് കീഴില്‍ സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തില്‍ ആണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രസ്തുത പദ്ധതി ആരംഭിച്ചു പുരോഗമിച്ചത് .സി ഡിറ്റിന്റെ നേതൃത്വത്തില്‍ ആണ് പ്രസ്തുത സേവന പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്തത് .സംസ്ഥാന എന്‍ ഐ സി യുടെ നേതൃത്വത്തില്‍ ആണ് വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി m-സേവനം മൊബൈല്‍ അപ്പ്ലികേഷന്‍ രൂപ കല്‍പ്പന ചെയ്തത്.വിവിധ വകുപ്പുകളുടെ സമയോചിതമായ സഹകരണം മൂലമാണ് ഈ ഓണ്‍ലൈന്‍ സര്‍വീസ് ഡെലിവറി സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് .