അതിദരിദ്രനിർണയപ്രക്രിയയുടെ ഭാഗമായി കേരളത്തിൽ റേഷൻ കാർഡില്ലാത്ത മുഴുവൻ അതിദരിദ്രർക്കും കാർഡ് അനുവദിച്ചു നൽകാൻ നടപടികൾ ഊർജിതമാക്കി. ആവശ്യമായ രേഖകളില്ലാത്തവർക്ക് സമയബന്ധിതമായി രേഖകൾ ലഭ്യമാക്കാനുള്ള നടപടി സ്വികരിക്കും.
റേഷൻ കാർഡില്ലാത്ത 7181 അതിദരിദ്രർ സംസ്ഥാനത്തുണ്ടെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തിയത്. ഇതിൽ ആധാർ കാർഡുള്ള 2411 പേർക്ക് റേഷൻ കാർഡില്ലായെന്നും 4770 പേർക്ക് ആധാർ കാർഡും റേഷൻ കാർഡുമില്ലായെന്നും കണ്ടെത്തി. ആധാർ കാർഡുള്ളവരിൽ റേഷൻ കാർഡില്ലാത്തവരായ 867 പേർക്ക് പുതിയതായി കാർഡ് വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. മരണപ്പെട്ടതും സ്ഥലത്തില്ലത്തതുമൊഴികെ ബാക്കി നൽകാനുള്ള 153 പേർക്കും ഉടൻ കാർഡ് അനുവദിക്കും.
ആധാർ കാർഡും റേഷൻ കാർഡുമില്ലാത്തവരിൽ 191 പേർക്ക് ആധാർ കാർഡ് ലഭ്യമാക്കി റേഷൻകാർഡ് അനുവദിച്ചു. റേഷൻ കാർഡ് അനുവദിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമായതിനാൽ ജില്ലകളിൽ ക്യാമ്പ് നടത്തി അതിദരിദ്രർക്ക് ആധാർ നൽകാനാണ് തീരുമാനം. തുടർന്ന് സാമൂഹ്യനീതി വകുപ്പിനെയും ബന്ധപ്പെട്ട ഇതര വകുപ്പുകളെയുമുൾപ്പെടുത്തി ഡിസംബർ 31 നകം എല്ലാ നടപടികളും പൂർത്തിയാക്കും. ജനുവരി ആദ്യവാരം തന്നെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കും.