Action against possession of ineligible priority cards - G. R. Anil

അനര്‍ഹര്‍ മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതിനെതിരെ നടപടി – ജി. ആര്‍. അനില്‍

ഈ സര്‍ക്കാര്‍ ചുമതല ഏറ്റെടുത്ത ശേഷം 2022 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 1,72,312 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ സര്‍ക്കാരിലേക്ക് തിരിച്ചേല്‍പ്പിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. 14,701 എ.എ.വൈ (മഞ്ഞ) കാര്‍ഡുകളും 90,798 പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകളും 66,813 എന്‍.പി.എസ് (നീല) കാര്‍ഡുകളുമാണ് സ്വമേധയാ സര്‍ക്കാരിലേക്ക് തിരിച്ചേല്‍പ്പിക്കപ്പെട്ടത്. അനര്‍ഹമായി ഇനിയും മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള നടപടി സ്വീകരിക്കുവാന്‍ മന്ത്രി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരിച്ചേല്‍പ്പിക്കപ്പെട്ട കാര്‍ഡുകളില്‍ നിന്നും 1,53,444 കാര്‍ഡുകള്‍ അര്‍ഹരെ കണ്ടെത്തി നല്‍കി. ഇവയില്‍ 17,263 എ.എ.വൈ (മഞ്ഞ) കാര്‍ഡുകളും 1,35,941 പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകളും 240 എന്‍.പി.എസ് (നീല) ഉള്‍പ്പെടെയാണ്. ഈ സര്‍ക്കാര്‍ ചുമതലയേറ്റെടുത്ത ശേഷം 1,54,506 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട് .