റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ ഏപ്രിൽ 27, 28 തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചു. നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടു ദിവസത്തെ സമയം ആവശ്യമാണെന്ന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.ഡി) അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാങ്കേതിക തകരാറുകൾ കാരണം സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ട സാഹചര്യം വിലയിരുത്തി, പ്രശ്നപരിഹാരത്തിന് ഡാറ്റാ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റേണ്ടതുണ്ടെന്ന് റേഷൻ വിതരണത്തിന് സാങ്കേതിക സഹായം നൽകുന്ന എൻ. ഐ. സി അറിയിച്ചു. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെയുണ്ടാകും. മെയ് ആറ് മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ രാവിലെ 8 മുതൽ ഉച്ച ഒരു മണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ തീയതികളിൽ ഉച്ച രണ്ടു മുതൽ രാത്രി ഏഴു വരെയും റേഷൻ കടകൾ പ്രവർത്തിക്കും. മെയ് നാല് മുതൽ സാധാരണ സമയക്രമം ആയിരിക്കും.

റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി മന്ത്രി ഓൺലൈൻ യോഗത്തിൽ സംസാരിച്ചു. സാങ്കേതിക തകരാറുകൾ പൂർണമായി പരിഹരിച്ച ശേഷം കടകൾ പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു. സാങ്കേതിക തകരാറുകൾക്ക് ഉത്തരവാദി റേഷൻ വ്യാപാരികളല്ലെന്നും ഇക്കാരണത്താൽ കടകളിൽ അതിക്രമിച്ചു കയറി വ്യാപാരികളെ ആക്രമിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് ആവശ്യമായ പോലീസ് സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.