And the project started in Thrissur district.

അതിദരിദ്രർക്ക് റേഷൻ എത്തിക്കാൻ ഓട്ടോ ഡ്രൈവർമാരും; പദ്ധതി സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുമെന്ന്

റേഷൻ കടകളിലെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത ജനവിഭാഗങ്ങൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ അവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന ഒപ്പം എന്ന നൂതന പദ്ധതിക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ തുടക്കമായി. അതിദാരിദ്ര നിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ് മറ്റൊരാളുടെ സഹായത്തോടെ മാത്രം റേഷൻ വാങ്ങാൻ കഴിയുന്ന വിഭാഗം ജനങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള ശ്രമം നടപ്പിലാക്കുന്നത് . കേരളത്തിൽ 100 ശതമാനം റേഷൻ കാർഡ് ഉടമകളുള്ള ജില്ലയായി തൃശ്ശൂരിനെ പ്രഖ്യാപിച്ചു.

ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിക്ക് തുടക്കം കുറിച്ച ഒല്ലൂരിൽ നിന്നു തന്നെയാണ് ഒപ്പം പദ്ധതിക്കും തുടക്കം കുറിക്കുന്നത്. സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയതു പോലെ സംസ്ഥാനത്തെ അതിദരിദ്രരുടെ വീടുകളിൽ ഭക്ഷണമെത്തിക്കുന്ന ഒപ്പം പദ്ധതിയും സംസ്ഥാന തലത്തിൽ നടപ്പിലാക്കും. ഗുണഭോക്താക്കളുടെ വീടുകളുടെ ഏറ്റവും അടുത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഗുണഭോക്താക്കൾക്ക് സാമ്പത്തിക ബാധ്യത വരാത്ത രീതിയിലായിരിക്കും ഇത് നടപ്പിലാക്കുക. ഓട്ടോ തൊളിലാളി സംഘടനയുമായി ചേർന്ന് സർക്കാർ തലത്തിൽ പൊതു വിതരണ വകുപ്പ് ഒരു പദ്ധതി നടപ്പിലാക്കുന്നത് ഇതാദ്യമായാണ്.

പരാതി രഹിതവും കുറ്റമറ്റതുമായ രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. റേഷൻ കാർഡ് ഉടമകളുടെ കൈപ്പറ്റ് രശീതി മാനുവൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിന് ശേഷം സാധനങ്ങൾ നൽകുകയും അതിന്റെ വിവരങ്ങൾ അതേദിവസം തന്നെ റേഷനിംഗ് ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ ഇപോസ് മെഷീനിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുക. ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 400ഓളം കുടുംബങ്ങൾക്ക് മാസം പത്താം തീയതിക്കു മുമ്പായി ഒപ്പം പദ്ധതി വഴി വീടുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കും.
അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ കളക്ടറുടെയും മറ്റുദ്യോഗസ്ഥരുടെയും സഹായത്തോടെ ജില്ലയിൽ 487 പേർക്ക് റേഷൻ കാർഡ് അനുവദിച്ചു. നിലവിൽ റേഷൻകാർഡ് വഴി ഭക്ഷ്യവസ്തുക്കൾ ലഭിക്കാത്ത ഒരു വീടുപോലും ജില്ലയിലില്ല. പട്ടിണിമൂലം ഒരാളും മരണപ്പെടുന്ന സ്ഥിതി കേരളത്തിൽ ഉണ്ടാവാൻ പാടില്ലെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. അതിദരിദ്രക്ക് രേഖകൾ നൽകുന്ന പ്രവർത്തനം മാതൃകാപരമായി ജില്ലയിൽ നടപ്പാക്കി കഴിഞ്ഞു. കഴഞ്ഞ രണ്ടുവർഷമായി അതിദരിദ്രരെയും റേഷൻ കാർഡ് ഇല്ലാത്തവരെയും കണ്ടെത്തി ഇവർക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു.