ഓണക്കിറ്റ് എല്ലാ മഞ്ഞ കാർഡുടമകൾക്കും ഞായറാഴ്ചക്കുള്ളിൽ വിതരണം ചെയ്യും
ആഗസ്റ്റ് 27 നുള്ളിൽ മുഴുവൻ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണം ചെയ്യും. ആഗസ്റ്റ് 24 മുതൽ കിറ്റ് വിതരണം ആരംഭിക്കും. കോവിഡ് കാലത്ത് പ്രതിസന്ധിയുണ്ടായിട്ടും മുഴുവൻ ആളുകൾക്കും ഭക്ഷ്യകിറ്റ് നൽകാൻ തയാറായ സർക്കാരാണിത്. അതു കൊണ്ട് തന്നെ പ്രതിസന്ധികളെ തരണം ചെയ്ത് പൊതുജനത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ മികച്ച ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും നൽകാൻ ഈ ഓണക്കാലത്തും നമുക്ക് കഴിയുന്നു. മുഴുവൻ ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കും. സ്കൂളുകളിലെ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. ഓണ കിറ്റിന് അർഹരായവർ അതാത് റേഷൻ കടകളിൽ നിന്ന് വാങ്ങാൻ പരമാവധി ശ്രമിക്കണം. നിലവിൽ ഈ രീതിയിലാണ് വിതരണത്തിനുള്ള ക്രമീകരണം. ഇതിന് കഴിയാത്തവർക്ക് സൗകര്യപ്രദമായ മറ്റ് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങുന്നതിന് അവസരമുണ്ടാകും. 62 ലക്ഷം കുടുംബങ്ങൾ ഓണത്തിനുള്ള സ്പെഷ്യൽ അരി റേഷൻ കടകളിൽ നിന്നും ഇതിനകം വാങ്ങിയിട്ടുണ്ട്. ഭക്ഷ്യവിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് മൂന്ന് അവധി ദിനങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് പ്രവർത്തിക്കും. ഇതിന് പകരമായി ഓണത്തിന് ശേഷം അവധി അനുവദിക്കും. വിതരണത്തിന്റെ സുഗമമായ നടത്തിപ്പിന് ഐ ടി വകുപ്പുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിന് ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ഔട്ട്ലെറ്റിൽ നല്ല തിരക്കാണനുഭവപ്പെടുന്നത്. 50% വിലക്കുറവിൽ 13 ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുകയാണ്. മൂന്ന് ദിവസം കൊണ്ട് 2 കോടി 29 ലക്ഷം രൂപയെന്നത് റെക്കോഡ് വിൽപ്പനയാണ്. ഉൽപ്പാദക സംസ്ഥാനമല്ലാതിരുന്നിട്ടും കേരളം പൊതുവിതരണ രംഗത്ത് മാതൃക തീർക്കുകയാണ്. വിൽപ്പനക്കനുസൃതമായി സ്റ്റോക്കിൽ കുറവ് വരുന്ന സാഹചര്യം അതിവേഗം പരിഹരിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്. മറിച്ചുള്ള പ്രചരണങ്ങളിൽ വസ്തുതയില്ല.