*13,942 പരാതികൾ ലഭിച്ചു
*പരാതികൾ 9188527301 , 1967 (ടോൾ ഫ്രീ) നമ്പറുകളിൽ അറിയിക്കാം
*സ്വമേധയാ സറണ്ടർ ചെയ്തത് 1,72,312 പേർ
അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 2,78,83,024 രൂപ. സ്വമേധയാ സറണ്ടർ ചെയ്യാത്ത കാർഡുകൾ കണ്ടെത്തി അർഹരായവരെ മുൻഗണനാ വിഭാഗത്തിലുൾപ്പെടുത്തുന്നതിനുള്ള ‘ഓപ്പറേഷൻ യെല്ലോ’ വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വികരിച്ചത് .
ഈ വർഷം ഒക്ടോബറിലാണ് ഓപ്പറേഷൻ യെല്ലോ ആരംഭിച്ചത്. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അനർഹരെ കണ്ടെത്തുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വകുപ്പിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പരിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ വിളിച്ചറിയിക്കാം.
പരാതി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ അനർഹമായി കാർഡു കൈവശം വച്ചവരിൽ നിന്ന് വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും പൊതുവിഭാഗത്തിലേക്കു മാറ്റുന്നതിനുമുള്ള നടപടി സ്വീകരിച്ചാണ് ഓപ്പറേഷൻ യെല്ലോ മുന്നോട്ട് പോകുന്നത്. അനർഹമായി മുൻഗണന കാർഡുകൾ ഉപയോഗിച്ചു കൊണ്ടിരുന്നവരോട് പിഴയോ ശിക്ഷയോ കൂടാതെ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 1,72,312 റേഷൻ കാർഡുകൾ സറണ്ടർ ചെയ്തു.
സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ റേഷൻകാർഡുമായി ബന്ധപ്പെട്ട് 4579055 അപേക്ഷകൾ ലഭിച്ചു, ഇതിൽ 4551635 എണ്ണം തീർപ്പാക്കിയതായി മന്ത്രി അറിയിച്ചു. 71,773 പിങ്ക് കാർഡുകളും, 222768 വെള്ള കാർഡുകളും 6635 ബ്രൗൺ കാർഡുകളും ഉൾപ്പെടെ ആകെ 3,01,176 കാർഡുകൾ വിതരണം ചെയ്തു. കൂടാതെ 1,93,903 പിങ്ക് കാർഡുകൾ, 20659 മഞ്ഞ കാർഡുകൾ എന്നിവ അർഹതപ്പെട്ടവർക്ക് തരം മാറ്റി നൽകി. ആകെ 93,17,380 റേഷൻകാർഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഫോൺ ഇൻ പ്രോഗ്രാമിൽ ശനിയാഴ്ച ലഭിച്ച 17 പരാതികളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കൈമാറി.