K store project started

നിലവിലുള്ള റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുക എന്നതാണ് ‘കെ-സ്റ്റോർ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 108 റേഷൻകടകളെ കെ-സ്റ്റോറുകളായി മാറ്റും. കെ സ്റ്റോർ പദ്ധതി നടപ്പാക്കുവാൻ തയ്യാറായി നിലവിൽ 850 ഓളം റേഷൻ വ്യാപാരികൾ മുന്നോട്ടുവന്നിട്ടുണ്ട്. ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിലെ റേഷൻ കടകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന.

10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനം, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻ, ശബരി,മിൽമ ഉൽപ്പന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും. കൂടാതെ ഘട്ടം ഘട്ടമായി കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും കെ സ്റ്റോറിലൂടെ നൽകുവാൻ ഉദ്ദേശിക്കുന്നു.

ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ത്രാസിലെ തൂക്കത്തിന്റെ അളവ് ബില്ലിൽ കൃത്യമായി രേഖപ്പെടുത്തുവാനും അതിലൂടെ തൂക്കത്തിലെ കൃത്യത ഉറപ്പുവരുത്താനും കഴിയും. 60 കിലോ വരെ തൂക്കാൻ കഴിയുന്ന ത്രാസാണ് റേഷൻകടകളിൽ സ്ഥാപിക്കുന്നത്. എൻ ഇ എസ് എ ഗോഡൗണുകളിൽ നിന്നും വരുന്ന സ്റ്റോക്കുകളുടെ തൂക്കം ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുന്നു. ഏകദേശം 32 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി ഘട്ടംഘട്ടമായിട്ടാണ് നടപ്പിലാക്കുന്നത്.

റേഷൻ കടകളിലെത്തി ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റാൻ കഴിയാത്ത ജനവിഭാഗങ്ങൾക്ക് റേഷൻ എത്തിച്ചു നൽകുന്ന ‘ഒപ്പം’ പദ്ധതി പ്രകാരം 139 ആദിവാസി ഊരുകളിൽ ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. സംസ്ഥാനത്തെ 50 താലൂക്കുകളിൽ പദ്ധതി വിജകരമായി നടന്നു വരുന്നു. മെയ് 20 ഓടുകൂടി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പദ്ധതി പ്രാവർത്തികമാക്കും.

റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ കൂടുതൽ പോഷക സമൃദ്ധമാക്കുന്നതിന് ‘ഡൈവേഴ്‌സിഫിക്കേഷൻ ഓഫ് ഫുഡ് ബാസ്‌ക്കറ്റ് പദ്ധതി’ നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചുവരുന്നു. 2022-23 വർഷം ഐക്യരാഷ്ട്ര സഭ ‘International Year of Millets’ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലും ചെറുധാന്യങ്ങളുടെ പോഷകഗുണത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവാൻ മാരാക്കുന്നതിനുമായി ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട റേഷൻ ഡിപ്പോകൾ വഴി മുൻഗണന ഗുണഭോക്താക്കൾക്ക് റാഗി വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. ആദ്യഘട്ടത്തിൽ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി മലയോര മേഖലയിലെ ഏകദേശം 948 റേഷൻകടകളിലെ കാർഡുടമകൾക്കും മറ്റിടങ്ങളിൽ ഒരു പഞ്ചായത്തിലെ ഒരു റേഷൻകടയിലൂടെയും എഫ്.സി.ഐ വഴി ലഭ്യമാകുന്ന റാഗി പ്രോസസ് ചെയ്ത് പൊടിയാക്കി ഒരു കിലോഗ്രാം പായ്ക്കറ്റാക്കി വിതരണം ചെയ്യുന്ന നടപടി അന്തിമ ഘട്ടത്തിലാണ്.