Distribution of half a lakh priority cards has started.

അരലക്ഷം മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു.

കേരളം സമ്പൂർണ്ണ ഭക്ഷ്യഭദ്രത ലക്ഷ്യമാക്കിയുള്ള കർമ്മ പദ്ധതികളുമായി മുന്നോട്ട് പേകുകയാണ്. സംസ്ഥാന സർക്കാർ രണ്ട് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള മൂന്നാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി അരലക്ഷം മുൻഗണന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണം ആരംഭിച്ചു. ഈ സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ഒരു ലക്ഷം മുൻഗണന കാർഡുകളുടെ വിതരണം ചെയ്തത് ഉൾപ്പെടെ 2,89,860 മുൻഗണനാ കാർഡുകൾ ഇതിനോടകം തരം മാറ്റി നൽകിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ 3,34,431 റേഷൻ കാർഡുകളും വിതരണം ചെയ്തിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7490 പേരിൽ റേഷൻ കാർഡില്ലാത്തവർക്ക് കാർഡുകൾ നൽകുന്നതിനുള്ള നടപടി പരോഗമിച്ചുവരുന്നു. ജില്ലകളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തിയ അർഹരായ മുഴുവൻ പേർക്കും മുൻഗണന റേഷൻ കാർഡുകളുടെ വിതരണം നടന്നുവരുകയാണ്. മൂന്നാം നൂറു ദിന പദ്ധതിയുടെ ഭാഗമായി 50,461 മുൻഗണന കാർഡുകളുടെ വിതരണം പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന മുഴുവൻ പേർക്കും മുൻഗണന കാർഡുകൾ ലഭിച്ചിരിക്കും.

സംസ്ഥാനത്ത് റേഷൻകാർഡിൽ ഉൾപ്പെട്ടിട്ടുള്ള 3.49 കോടി ഗുണഭേക്താക്കൾ ആധാർ നമ്പരുകൾ റേഷൻ കാർഡ് ഡാറ്റയുമായി കൂട്ടിച്ചേർക്കുന്ന ആധാർ സീഡിംഗ് പദ്ധതി സംസ്ഥാനം വിജയകരമായി പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. സംമ്പൂർണ്ണ ആധാർ സീഡിംഗ് പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.