Kerala's largest pedestrian flyover has become a reality

തിരുവനന്തപുരം നഗരഹൃദയത്തിൽ കിഴക്കേകോട്ടയിൽ നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച കാൽനട മേൽപ്പാലം യാഥാർഥ്യമായി.

ബസ് ഡിപ്പോയും ബസ് ബേകളും സാംസ്കാരിക, വ്യാപാര കേന്ദ്രങ്ങളും നിറഞ്ഞ കിഴക്കേകോട്ടയിൽ തിരക്കേറിയ നഗരകേന്ദ്രത്തിൽ കാലങ്ങളായുള്ള കാൽനടയാത്രക്കാരുടെ ആഗ്രഹമാണ് സഫലമായിരിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും വലിയ പങ്ക് ഈ മേൽപ്പാലത്തിന് വഹിക്കാനാക്കും.
സംസ്ഥാനത്തെതന്നെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലമാണിവിടെ നിർമിച്ചിരിക്കുന്നത്. 104 മീറ്ററാണ് നീളം. വെറുമൊരു നടപാതയ്ക്കപ്പുറം കിഴക്കേകോട്ടയുടെ പ്രൗഢിക്ക് യോജിക്കുംവിധത്തിലും ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയുമാണ് നിർമാണം.
മേൽപ്പാലത്തിലേക്ക് കയറാൻ പ്രധാനമായും നാലു വഴികളാണുള്ളത്. രണ്ട് ലിഫ്റ്റുകളും ഉണ്ട്. സുരക്ഷ ഉറപ്പാക്കാൻ 40 ക്യാമറകളുള്ള സിസി ടി വി സംവിധാനവും പോലീസ് എയ്ഡ് പോസ്റ്റും ഇവിടുണ്ട്. ‘അഭിമാനം അനന്തപുരി’ എന്ന സെൽഫി പോയന്റും ആകർഷക ഘടകമാണ്. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ജനനായകരും മേൽപ്പാലത്തിൽ ചിത്രങ്ങളായുണ്ട്. പാലത്തിനുള്ളിലെ മനോഹാരിതക്കൊപ്പം പാലത്തിൽ നിന്നുള്ള നഗരത്തിലേക്കുള്ള പുറംകാഴ്ചകളും ആകർഷകമാണ്.
തലസ്ഥാന നഗരമെന്ന നിലയിൽ തിരുവനന്തപുരത്തിന്റെ സർവതല സ്പർശിയായ വികസനത്തിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. ഇതിനായി സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, വിവിധ പദ്ധതികൾ തുടങ്ങിയവയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യം, ഗതാഗതം, സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സാംസ്കാരികം, വിനോദസഞ്ചാരം, ഐ.ടി ഉൾപ്പെടെ സർവമേഖലകളിലും മാറ്റം ദൃശ്യമാക്കാനായിട്ടുണ്ട്.