ചർച്ച പൂർണ്ണ വിജയം: അരി ഉൾപ്പെടെ 6 ഇനങ്ങൾ വാങ്ങാൻ ധാരണയായി
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയ അരി ഉൾപ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കൾ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങുന്നതിന് ധാരണയായി. മലയാളികൾക്ക് ഏറ്റവും പ്രിയമുള്ള പ്രീമിയം നിലവാരത്തിലുള്ള ജയ അരി, മുളക്, മല്ലി തുടങ്ങിയ ഒമ്പത് ഇനം സാധനങ്ങൾ ആവശ്യകതയനുസരിച്ച് മിതമായ നിരക്കിൽ കേരളത്തിന് ലഭ്യമാക്കാൻ ആന്ധ്ര പ്രദേശ് സർക്കാർ തയ്യാറാണ്.
ആദ്യഘട്ടമെന്ന നിലയിൽ ജയ അരി ഉൾപ്പെടെയുള്ള വിവിധ ഇനം അരി വറ്റൽ മുളക്, പിരിയൻ മുളക്, മല്ലി, കടല, വൻപയർ എന്നീ ആറ് ഇനം സാധനങ്ങൾ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങാൻ ധാരണയായിട്ടുണ്ടെന്നും ഭക്ഷ്യ ധാന്യങ്ങൾ ഡിസംബറോടെ കേരളത്തിൽ എത്തും.
വിളകൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം സപ്പോർട്ട് നൽകിക്കൊണ്ടാണ് ആന്ധ്ര പ്രദേശിലെ കർഷകരിൽ നിന്നും ആന്ധ്ര പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഭക്ഷ്യ ധാന്യങ്ങൾ സംഭരിക്കുന്നത്. എം.എസ്.പി വിലയ്ക്ക് കർഷകരിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ സംഭരിച്ച് സംസ്‌കരണ ചെലവും കടത്തുകൂലിയും മാത്രം ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ആന്ധ്ര പ്രദേശ് സർക്കാർ കേരളത്തിലേയ്ക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വില നിശ്ചയിക്കുക.
ആന്ധ്ര പ്രദേശിൽ നിന്നും കയറ്റുമ്പോഴും കേരളത്തിൽ എത്തുമ്പോഴും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്കായി ഒരു സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്താനും പരസ്പര ധാരണയായിട്ടുണ്ട്. ആദ്യ ഘട്ടം വിജയകരമായാൽ കൂടുതൽ ഉൽപ്പന്നങ്ങൾ ആന്ധ്ര പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ പോകുന്നതിനാണ് മുഖേന വാങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ട് ധാരണയായിട്ടുള്ളത്.
ആന്ധ്ര പ്രദേശിൽ നിന്നും പ്രതിമാസം 3840 മെട്രിക് ടൺ പ്രീമിയം ക്വാളിറ്റി ജയ അരി ആന്ധ്രായിലെ കർഷകരിൽ നിന്നും ആന്ധ്ര പ്രദേശ് സർക്കാർ നേരിട്ട് സംഭരിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ റയിൽവേ റാക്ക് പോയിന്റുകളിൽ എത്തിക്കും. പ്രതിവർഷം 46100 മെട്രിക് ടൺ അരി ലഭ്യമാക്കും. ആന്ധ്രയിലെ കർഷകർക്ക് മിനിമം വില ഉറപ്പുവരുത്തുകയും കേരള ജനതയ്ക്ക് ഏറ്റവും ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യ സാധനങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതുമാത്രമാണ് ലക്ഷ്യമിടുന്നത് . ഇരു സർക്കാരുകളും തമ്മിലുള്ള എം.ഒ.യു ഉടൻ ഒപ്പിടും.