ജനപ്രിയ ഓഫറുകളുമായി സപ്ലൈകോ ക്രിസ്തുമസ് – ന്യൂ ഇയർ ഫെയറുകൾ ആരംഭിച്ചു
സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് – ന്യു ഇയർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു. അതോടൊപ്പം ആദ്യ വിൽപനയും മുഖ്യമന്ത്രി നിർവ്വഹിച്ചു. ഇതിനോടൊപ്പം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലും പ്രത്യേക ഫെയറുകൾ ആരംഭിക്കും. മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റ് സപ്ലൈകോ ക്രിസ്തുമസ് – ന്യു ഇയർ ഫെയറായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിസംബർ 21 മുതൽ 30 വരെയാണ് ക്രിസ്തുമസ് – ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഫെയറുകളിൽ ഗുണനിലവാരമുള്ള അവശ്യസാധന ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വിലക്കുറവിൽ ഫെയറുകളിലൂടെ വിൽപന നടത്തും. ബ്രാന്റഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക. ഇതിനുപുറമെ ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 21 മുതൽ 30 വരെ ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 വരെ ഫ്ലാഷ് സെയിൽ നടത്തും സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനെക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ജനങ്ങൾക്ക് ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, പൊതുവിപണിയിൽ വില ഉയർന്നു നിൽക്കുന്ന ആവശ്യസാധനങ്ങളായ ഉള്ളി, സവാള, വെളുത്തുള്ളി എന്നിവ സപ്ലൈകോയിൽ 20 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.