ഡിജിറ്റല്‍ തട്ടിപ്പുകളെ കുറിച്ച് ജാഗ്രതവേണം – മുഖ്യമന്ത്രി
ഡിജിറ്റല്‍ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത വച്ചു പുലര്‍ത്തണമെന്ന് മഖ്യമന്ത്രി പ്രസ്താവിച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി. ആര്. അനിലിന്റെ അധ്യക്ഷതയില്‍ 2022 മാര്‍ച്ച് 15ന് തിരുവനന്തപുരത്തെ അയ്യന്‍കാളി ഹാളില്‍ വച്ചു നടന്ന ലോക ഉപഭോക്തൃ അവകാശദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നീതി പൂര്‍വ്വമായ ഡിജിറ്റല്‍ ധനകാര്യം’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം ഉപഭോക്തൃ അവകാശദിനം ആചരിക്കുന്നത്. പണമിടപാടുകളും കടമെടുപ്പുകളും ഇന്‍ഷ്വറന്‍സുകളും ധനമാനേജ്മെന്റും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളെ കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനായി ഉപഭോക്തൃസമിതികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടികളുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഓഫീസുകളില്‍ സമ്പൂര്‍ണ്ണ ഇ-ഓഫീസ് സംവിധാനം, ഭക്ഷ്യ ധാന്യങ്ങളുടെ ചരക്കുനീക്കം നിരീക്ഷിക്കുന്നതിനായി വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം, റേഷന്‍കടകള്‍ ഡിജിറ്റലായി പരിശോധിക്കന്നതിന് എഫ്.പി.എസ് മൊബൈല്‍ ആപ്പ്, ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ അരലക്ഷം ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ബില്ലിംഗ്, അളവ് തൂക്ക സംവിധാനങ്ങള്‍ പരിശോധിക്കുന്ന ‘ജാഗ്രതാ’ പദ്ധതി , 1000 പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തുന്ന ‘ക്ഷമത’ പദ്ധതി എന്നി 5 പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
രാവിലെ കോളേജ് വിദ്യര്‍ത്ഥികള്‍ക്കു വേണ്ടി സംസ്ഥാന CDRC അദ്ധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് സുരേന്ദ്രമോഹന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ഉപഭോക്തൃ ബോധവല്‍ക്കരണ സെമിനാര്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആര് അനില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അഡ്വ. ഡി. ബി. ബിനു, പി. വി. ജയരാജന് എന്നിവര്‍ പ്രഭാഷണം നടത്തി. ഉച്ചയ്ക്കു ശേഷം ‘കേരളത്തിന് പ്രത്യേക ഉപഭോക്തൃ നിയമം – സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ നടന്ന പൊതു സംവാദത്തില്‍ ഡോ. ഡി. സജിത്ത് ബാബു IAS മോഡറേറ്റര്‍ ആയിരുന്നു. അഡ്വ. ഹരീഷ് വാസുദേവന്‍ വിഷയാവതരണം നടത്തി, സംസ്ഥാന ഭക്ഷ്യ കമ്മീഷന് അംഗം ശ്രീ. ദിലീപ് കുമാര്‍, ലീഗൽ കണ്സെല്റ്റന്റ് ലാലു ജോസഫ്, അഡ്വ. ഡി. ബി. ബിനു എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.