ദുരന്തബാധിത മേഖലകളിൽ സൗജന്യ റേഷൻ
ദുരന്തബാധിത മേഖലകളിൽ സൗജന്യ റേഷൻ വിതരണം ചെയ്യും. ഉരുൾപൊട്ടലിൽ നശിച്ച പ്രദേശത്തെ രണ്ട് റേഷൻ കടകളുടെ പ്രവർത്തനം മേപ്പാടിയിൽ തന്നെ ആരംഭിച്ചു. ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ മൊബൈൽ മാവേലി സ്റ്റോറുകളും ഒരുക്കിയിട്ടുണ്ട്. അതത് മേഖലകളിലെ വില്ലേജ് ഓഫീസർമാർ ആവശ്യപ്പെടുന്നതിന് അനുസൃതമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നും അവശ്യവസ്തുക്കൾ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. പ്രകൃതിക്ഷോഭത്തിൽ ആളുകൾക്ക് നഷ്ടപ്പെട്ട ഗ്യാസ് സിലിണ്ടർ, റെഗുലേറ്റർ, പാസ്ബുക്ക് എന്നിവ ലഭ്യമാക്കുന്നതിന് ഗ്യാസ് ഏജൻസികൾക്ക് നിർദ്ദേശം നൽകി. ജില്ലയിലെ എല്ലാ റേഷൻ കടകളിലും ആഗസ്റ്റ് മാസത്തെ വിതരണത്തിനുള്ള റേഷൻ സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.