ഉത്സവ സീസണുകളിൽ പൊതു വിപണിയിലെ ചൂഷണത്തിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി സപ്ലൈകോ വിഷു- റംസാൻ ഫെയറുകൾ ആരംഭിച്ചു. ശരാശരി 30 ശതമാനം വിലക്കുറവിൽ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി അവശ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപമുളള സപ്ലൈകോ ഔട്ട്ലെറ്റിൽ വിഷു- റംസാൻ ഫെയറിന്റെ സംസ്ഥാനതല വിതരണം ആറാം ആരംഭിച്ചു.
വിലക്കയറ്റം തടയാനും കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനുമായി കേന്ദ്രവുമായി നിരന്തര ഇടപെടലുകളാണ് നടത്തുന്നത്. ഇതിന്റെ ഫലമായാണ് എഫ്.സി.ഐ വഴി 50% പുഴുക്കലരിയും 50% പച്ചരിയും ജനങ്ങൾക്ക് ലഭ്യമാക്കാൻ ധാരണയായത്.
ഉത്സവ സീസണുകളിൽ വിപണിവില വർധിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കാറുണ്ട്. ഇതിന് പരിഹരമാകാൻ സംസ്ഥാനത്തുടനീളമുള്ള സപ്ലൈകോ ഫെയറുകൾക്ക് സാധിക്കും.
സപ്ലൈകോ വില്പന നടത്തുന്ന സബ്സിഡി, നോൺ സബ്സിഡി ഉത്പന്നങ്ങൾ ഫെയറുകളിൽ ലഭ്യമാണ്. 10 മുതൽ 35 ശതമാനം വരെ വിലക്കുറവിലാണ് അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നത്. പഞ്ചസാര (39), ജയ അരി-സോർട്ടക്സ് (36), ബിരിയാണി അരി- സോന (44.50), മട്ട അരി സോർട്ടക്സ്(ഉണ്ട) – (40.50), മട്ട അരി -സോർട്ടക്സ്(വടി) – (44), കുറുവ അരി സോർട്ടക്സ് (36) എന്നീ വിലകളിൽ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ശബരി ഉത്പന്നങ്ങൾക്കും കൂടുതൽ ആവശ്യക്കാരുള്ള മറ്റ് ചില ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് ലഭിക്കും.