Monthly phone-in program reduced card change complaints

പ്രതിമാസ ഫോൺ-ഇൻ-പരിപാടി മാർച്ച് 24 ന് 22 എണ്ണം പൂർത്തിയാക്കി. ഒരു മണിക്കൂർ നീളുന്ന ഫോൺ-ഇൻ-പരിപാടിയിൽ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച ആവശ്യമായിരുന്നു ഭൂരിഭാഗവും. എന്നാൽ വെള്ളിയാഴ്ചയിലെ ഫോൺ-ഇന്നിൽ പൊതു പ്രശ്‌നങ്ങൾ ആയിരുന്നു കൂടുതൽ പേർ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത് റേഷൻ കാർഡ് മാറ്റം, പുതിയ റേഷൻ കാർഡ് അനുവദിക്കൽ എന്നീ ആവശ്യങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിനാലാണ്.

മുൻഗണനാ കാർഡുകൾ അനർഹർ കൈവശം വച്ചിരിക്കുന്ന വിഷയത്തിൽ വിജിലൻസ് കമ്മിറ്റികൾ വാർഡ് തലത്തിൽ ഉടൻ തന്നെ യോഗം ചേർന്ന് നടപടികൾ സ്വികരിക്കും. വാർഡിലുള്ള റേഷൻ കടകളിലെ എ.എ.വൈ (മഞ്ഞ) കാർഡുകൾ പരിശോധനക്ക് വിധേയമാക്കും.

അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വെച്ചിട്ടുണ്ടെങ്കിൽ ആ വിവരം 9188527301 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. അറിയിക്കുന്ന ആളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതുതായി 3,45,377 റേഷൻ കാർഡുകൾ അനുവദിച്ചു. മുൻഗണന വിഭാഗത്തിലേക്ക് മാറ്റി നൽകിയ കാർഡുകൾ എണ്ണം 3,38,271 ആണ്.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ റേഷൻ കാർഡുമായി ബന്ധപ്പെട്ട് ലഭിച്ച ഓൺലൈൻ അപേക്ഷകൾ 49,07,322 ആണ്. ഇതിൽ 48,34,655 പരാതികളും തീർപ്പാക്കി.

മാവേലി സ്റ്റോറുകളിലെ ബില്ല് ഇംഗ്ലീഷിന് പകരം മലയാളത്തിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. റേഷൻ കടകളിലേക്ക് അരിയും മറ്റ് സാധനങ്ങളും ലോറിയിൽ നിന്ന് ഇറക്കുമ്പോൾ അളവും തൂക്കവും ഉറപ്പാക്കണമെന്ന റേഷൻ കടക്കാരുടെ ആവശ്യവും പരിഗണിക്കും.