National Award for Food Security: Kerala ranks 1st in food security index

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ സൂചികയിൽ കേരളത്തിന് 1-ാം സ്ഥാനം. ആദ്യമായാണ് ഭക്ഷ്യ സുരക്ഷയിൽ കേരളത്തിന് ഈ നേട്ടം ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളായ ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിൾ ശേഖരണം, സാമ്പിൾ പരിശോധന അഡ്ജൂഡിക്കേഷൻ/ പ്രോസികൂഷൻ കേസുകൾ, NABL അംഗീകാരമുളള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധന മികവ്, മൊബൈൽ ലാബിന്റെ പ്രവർത്തനം ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയ FoSTaC പരിശീലനം, FSSAIയുടെ വിവിധ ഈറ്റ് റൈറ്റ് ഇനിഷിയേറ്റീവ്‌സ്, സംസ്ഥാന തലത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ വിവിധ ബോധവത്ക്കരണ പരിപാടികൾ, തുടങ്ങി 40ഓളം പ്രവർത്തന മികവ് വിലയിരുത്തിയുമാണ് എല്ലാ വർഷവും ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയിലെ സ്ഥാനം നിശ്ചയിക്കുന്നത്.

ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്ത് പദ്ധതി 140 പഞ്ചായത്തുകളിൽ നടപ്പിലാക്കിയതും 500 ഓളം സ്‌കൂളുകളെ പ്രത്യേകം തെരഞ്ഞെടുത്ത് സേഫ് ആൻഡ് ന്യൂട്രിഷ്യസ് ഫുഡ് അറ്റ് സ്‌കൂൾ (എസ്.എൻ.എഫ്@സ്‌കൂൾ) പദ്ധതി നടപ്പാക്കിയതും പൊതുജനങ്ങൾക്കായി സംസ്ഥാന തലത്തിൽ 3000 ത്തോളം ഭക്ഷ്യ സുരക്ഷ ബോധവത്കരണ ക്ലാസുകൾ നടപ്പാക്കിയതുമാണ് ദേശീയതലത്തിൽ കേരളത്തിന് നേട്ടത്തിന് അർഹമാക്കിയത്.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കിയത്, എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം, മീനിലെ മായം കണ്ടെത്തുന്നതിന് ഓപ്പറേഷൻ മത്സ്യ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഹോട്ടലുകൾക്ക് സ്റ്റാർ കാറ്റഗറി, വൃത്തിയുള്ള സുരക്ഷിത ഭക്ഷണം തെരഞ്ഞെടുക്കാൻ ഈറ്റ് റൈറ്റ് കേരള ആപ്പ്, ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പ്രത്യേക ടാസ്‌ക് ഫോഴ്സ്, നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിൻ, എല്ലാ ഭക്ഷണ നിർമാണ സ്ഥാപനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ലൈസൻസ് നിർബന്ധമാക്കുകയും കൃത്യമായ പരിശോധനയും ഉൾപ്പടെ നിരവധി പ്രവൃത്തികളാണ് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളം നടപ്പാക്കിയത്.