ration distribution

റേഷൻ വിതരണം: സാങ്കേതിക തകരാർ പരിഹരിക്കാൻ ബി.എസ്.എൻ.എൽ ബാൻഡ് വിഡ്ത് 100 Mbps ആക്കും

*സംസ്ഥാനത്തെ മുഴുവൻ ഇ-പോസ് യന്ത്രങ്ങളും സർവീസ് ചെയ്യും

*AePDS സോഫ്റ്റ്വെയർ ഏറ്റവും പുതിയ വേർഷനിലേക്ക്

*മുൻഗണനേതര കാർഡുകാർക്കുള്ള ഗോതമ്പ് വിതരണത്തിന്

*ജയ അരി ഏപ്രിൽ പകുതിയോടെ

സംസ്ഥാനത്തെ റേഷൻ പൊതുവിതരണ സമ്പ്രദായത്തിൽ അനുഭവപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വിവിധ നടപടികൾ സ്വികരിക്കും. ഇതിന്റെ ഭാഗമായി റേഷൻ വിതരണത്തിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത് ശേഷി 100 Mbps ആയി വർധിപ്പിക്കും. നിലവിൽ 20 Mbps ശേഷിയുളള ബാൻഡ് വിഡ്ത് 60 Mbps ശേഷിയിലേക്കും മാർച്ച് 20 മുതൽ 100 Mbps ശേഷിയിലേക്കും ഉയർത്താൻ നിർദേശം നൽകി.

റേഷൻ വിതരണത്തിലെ തകരാറുകൾ സംബന്ധിച്ച് എൻ.ഐ.സി ഹൈദരാബാദ്, സംസ്ഥാന ഐ.ടി മിഷൻ, കെൽട്രോൺ, സി-ഡാക്, ബി.എസ്.എൻ.എൽ എന്നിവയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.

ബി.എസ്.എൻ.എല്ലിന്റെ കുറഞ്ഞ ബാൻഡ് വിഡ്ത് ശേഷിയുമായി ബന്ധപ്പെട്ട് ഏകദേശം 65000ത്തോളം തകരാറുകൾ കണ്ടെത്തി . എൻ.ഐ.സി ഹൈദരാബാദ് നൽകി വരുന്ന AePDS സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് ഏപ്രിൽ ഒന്ന് മുതൽ മാറും. ഈ രണ്ട് തീരുമാനങ്ങൾ നടപ്പാക്കുന്നതോടെ സാങ്കേതിക തകരാറുകൾ ഭൂരിഭാഗവും പരിഹരിക്കാനാകും.

ഇക്കാര്യങ്ങൾ നടത്താനായി കൂടുതൽ ഐ.ടി വിദഗ്ധരെ നിയമിക്കും. റേഷൻ കടകൾ പ്രവർത്തിക്കുന്ന പ്രദേശത്ത് കൂടുതൽ റേഞ്ചുള്ള മൊബൈൽ സർവീസ് പ്രൊവൈഡറെ കണ്ടെത്തി ആ കമ്പനിയുടെ സിംകാർഡ് ഇ-പോസ് യന്ത്രത്തിൽ സ്ഥാപിച്ച് ലോക്ക് ചെയ്യാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

സംസ്ഥാനത്തെ മുഴുവൻ ഇ-പോസ് യന്ത്രങ്ങളും സർവീസ് ചെയ്യാൻ ഏപ്രിൽ ഒന്നു മുതൽ 30 വരെ സംസ്ഥാന വ്യാപകമായി സർവീസ് ക്യാമ്പ് സംഘടിപ്പിക്കും. ഇ-പോസ് യന്ത്രവുമായി ബന്ധപ്പെട്ട തകരാറുകൾ ഉപഭോക്താക്കൾക്ക് തത്സമയം വിളിച്ച് അറിയിക്കാൻ ഹെൽപ്പ് ഡെസ്‌ക് സംവിധാനം ഏർപ്പെടുത്തി. 7561050035, 7561050036 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകൾ എല്ലാ റേഷൻ കടകളിലും പ്രസിദ്ധപ്പെടുത്തും. റേഷൻ സാധനങ്ങൾ വാങ്ങിയാൽ കിട്ടുന്ന നീണ്ട ബില്ലിന്റെ നീളം കുറയ്ക്കാൻ നടപടി സ്വീകരിക്കും.

മുൻഗണനേതര കാർഡുകാർക്ക് മാർച്ചിൽ വിതരണം ചെയ്യാനുള്ള ഗോതമ്പ് എത്തിയിട്ടുണ്ട്. 6546 മെട്രിക് ടൺ ഗോതമ്പ് ആണ് അനുവദിച്ചത്. ഇതിനു പുറമേ സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച ഗോതമ്പിന് പകരം അനുവദിച്ച റാഗി 991 മെട്രിക് ടൺ എത്തിയിട്ടുണ്ട്. ഇത് പൊടി ആക്കി അടുത്ത മാസം മുതൽ വിതരണം ചെയ്യും.

സംസ്ഥാനത്ത് ഏറെ ആവശ്യക്കാരുള്ള ജയ അരി ഏപ്രിൽ 15 ഓടെ റേഷൻ കടകളിൽ നിന്ന് വിതരണം ചെയ്യാനാകും. ജയ അരിയുടെ ഉൽപ്പാദനം ആന്ധ്ര നിർത്തിയതാണെങ്കിലും കേരളത്തിന്റെ പ്രത്യേക അഭ്യർഥന മാനിച്ച് ഉൽപ്പാദനം പുനരാരംഭിക്കുകയാണ്. നിലവിൽ ഇ-പോസ് യന്ത്രം ഇല്ലാത്ത ഏഴ് റേഷൻ കടകൾ ആണ് സംസ്ഥാനത്തുള്ളത്. ഇവ ഒരു മാസത്തിനുള്ളിൽ ഇ-പോസിലേക്ക് മാറും.

ഇ-പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് ബയോമെട്രിക് ഡാറ്റ ശേഖരിച്ച ശേഷം അരിയും സാധനങ്ങളും വാങ്ങുന്ന സമ്പ്രദായത്തിന് പകരം ഒ.ടി.പി വഴിയുള്ള ഇടപാടുകൾ കേരളത്തിൽ കൂടുതലാണ് ഇത് പരിശോധിക്കും. ഒരു വിരൽ പതിച്ചത് ശരിയായില്ലെങ്കിൽ മറ്റ് നാല് വിരലുകൾ ഓരോന്ന് ഉപയോഗിച്ചും എന്റർ ചെയ്യണം ഒ.ടി.പി ഉപയോഗിക്കുന്ന പ്രവണത മാറ്റും.

എല്ലാ തകരാറുകളും പരിഹരിച്ച് റേഷൻ വിതരണം കാര്യക്ഷമമാക്കും.പുതിയ തീരുമാനങ്ങൾ നടപ്പാക്കിയ ശേഷം അവലോകനം ചെയ്യാൻ മാസത്തിലെ ആദ്യ തിങ്കളാഴ്ച ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേരും. ഇതിനു പുറമേ രണ്ട് മാസത്തിനുശേഷം ഓഫ് ലൈൻ യോഗം വിളിക്കും. കേന്ദ്ര നിയമമനുസരിച്ച് സമ്പുഷ്ടീകരിച്ച അരിയാണ് പുഴുക്കലരി വിഭാഗത്തിൽ ഏപ്രിൽ മുതൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യുക. എന്നാൽ സിക്കിൾ സെൽ അനീമിയ രോഗികൾക്ക് ഈ അരി ആരോഗ്യപരമായ കാരണങ്ങളാൽ വിതരണം ചെയ്യില്ല.