An additional allocation of Rs 42 crore has been allocated in the budget to pay commission to ration traders

റേഷൻ വ്യാപാരികൾക്ക് ഒക്ടോബർ/നവംബർ മാസങ്ങളിൽ നൽകാനുള്ള കമ്മീഷൻ അനുവദിച്ചു. 2022-23 സാമ്പത്തിക വർഷം റേഷൻ വ്യാപാരി കമ്മീഷൻ ഇനത്തിൽ 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിന് പ്രതിമാസം ശരാശരി 15 കോടി രൂപയാണ് ആവശ്യമായി വരുന്നത്. അതനുസരിച്ച് ബജറ്റ് വിഹിതം പര്യാപ്തമായിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷൻ തുക ബജറ്റിൽ വകയിരുത്തിയിരുന്നില്ല. മാത്രവുമല്ല ഈ വർഷം ഡിസംബർ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. PMGKAY പദ്ധതി പ്രകാരമുള്ള റേഷൻ വ്യാപാരി കമ്മീഷൻ കൂടി ഉൾപ്പെടുമ്പോൾ പ്രതിമാസം 28 കോടി രൂപയോളം ആവശ്യമായി വന്നു. കമ്മീഷൻ ഇനത്തിൽ സെപ്റ്റംബർ മാസം വരെ 196 കോടി രൂപ റേഷൻ വ്യാപാരികൾക്ക് നൽകിക്കഴിഞ്ഞു. പ്രതിമാസം 18000 രൂപ കമ്മീഷൻ കിട്ടേണ്ട റേഷൻ വ്യാപാരികൾക്ക് PMGKAY കൂടി ചേരുമ്പോൾ ഇരട്ടി തുക കമ്മീഷനായി ലഭിക്കും. കേന്ദ്ര ഗവൺമെന്റ് അധികമായി അനുവദിച്ച PMGKAY പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിനുള്ള കമ്മീഷൻ കേന്ദ്രസർക്കാരിൽ നിന്നും ലഭ്യമാകുന്നതിന് കാത്തു നിൽക്കാതെ വ്യാപാരി കമ്മീഷൻ മുഴുവൻ തുകയും മുടക്കം കൂടാതെ നൽകിവന്നു. ഒക്ടോബർ മാസം മുതൽ കമ്മീഷൻ നൽകുന്നതിന് 100 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരികയും ഭക്ഷ്യ വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ധനകാര്യ വകുപ്പ് അധിക തുക അനുവദിക്കുകയും ചെയ്തു. ഒക്ടോബർ, നവംബർ മാസങ്ങളിലെ കമ്മീഷൻ കാലതാമസം കൂടാതെ ഒരുമിച്ച് വ്യാപാരികൾക്ക് ലഭ്യമാക്കും.