Ration goods will now arrive at home; and Public Distribution Department with the scheme

അതിദാരിദ്ര്യം നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി, റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത കിടപ്പുരോ​ഗികൾ ഉൾപ്പെടെയുള്ളവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതിയാണ് ‘ഒപ്പം’.

എല്ലാ മാസവും 10-ാം തീയതിക്കുള്ളിൽ റേഷൻ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. അർഹരായ കുടുംബങ്ങൾക്ക് കൃത്യമായ റേഷൻ എത്തുന്നുവെന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഗുണഭോക്താക്കൾക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാവില്ല.

ആദിവാസി ഊരുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഒപ്പം പദ്ധതിയും നടപ്പാക്കുന്നത്. പദ്ധതി കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് മാനുവൽ ട്രാൻസാക്ഷൻ മുഖേന റേഷൻ കാർഡുടമകളുടെ കൈപ്പറ്റ് രസീത് മാനുവൽ രജിസ്റ്റിൽ രേഖപ്പെടുത്തിയ ശേഷമാണ് സാധനങ്ങൾ നൽകുക. ഈ വിവരങ്ങൾ റേഷനിംഗ് ഇൻസ്‌പെക്ടറുടെ മേൽനോട്ടത്തിൽ ഇ പോസ് മെഷീനിൽ രേഖപ്പെടുത്തും. പദ്ധതിയുടെ ആദ്യഘട്ടം തൃശൂരിൽ നടപ്പാക്കും. തുടർന്ന് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും.