Drop boxes will be set up at Roshan shops

റോഷൻ കടകളിൽ ഡ്രോപ്പ് ബോക്‌സ് സ്ഥാപിക്കും

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്‌കരിക്കുന്ന ‘തെളിമ’ എന്ന പദ്ധതിയിലൂടെ റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കാർഡ്/ റേഷൻ കട സംബന്ധമായ അപേക്ഷകൾ/പരാതികൾ/ അഭിപ്രായങ്ങൾ/ നിർദ്ദേശങ്ങൾ എന്നിവ റേഷൻ കടകളിൽ സ്ഥാപിക്കുന്ന ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിക്കാം. നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് നിക്ഷേപിക്കാൻ കഴിയുക.

പദ്ധതിയിലൂടെ റേഷൻ കാർഡിലെ അംഗങ്ങളുടെ പേരിലും ഇനിഷ്യലിലും മേൽവിലാസത്തിലും കാർഡുടമയുമായിട്ടുള്ള ബന്ധത്തിലും അംഗങ്ങളുടെ തൊഴിൽ എൽപിജി വിവരങ്ങളിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അത് തിരുത്തുന്നതിന് അപേക്ഷ സമർപ്പിക്കാം.

റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വരുമാനം, വീടിന്റെ, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. ഇത്തരത്തിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ സെന്ററുകൾ /സിറ്റിസൺ ലോഗിൻ മുഖേനെ ഓൺലൈനായി മാത്രമേ സ്വീകരിക്കും.

റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം/ അളവ് സംബന്ധിച്ചുള്ള പരാതികൾ ലൈസൻസി/ സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുള്ള പരാതികൾ, റേഷൻ കട നടത്തിപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ/ നിർദേശങ്ങൾ എന്നിവയും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്നവരുടെ വിവരങ്ങളും സമർപ്പിക്കാം.

പദ്ധതിയിലൂടെ മുൻഗണനാ വിഭാഗം കാർഡുകൾക്കു വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനത്തെക്കുറിച്ച് അറിവില്ലാത്തതിനാൽ യഥാസമയം അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കാം.