World Green Consumer Day was organized in Thiruvananthapuram

ലോക ഹരിത ഉപദോക്തൃദിനാചരണം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.
ലോക വ്യാപകമായി സെപ്റ്റംബർ 28 ഹരിത ഉപഭോക്‌തൃ ദിനമായി ആചരിക്കുന്നു. അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ രക്ഷിക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഉപഭോഗ വസ്തുക്കൾ വാങ്ങുവാൻ എല്ലാ മേഖലകളിലുമുള്ള ഉപഭോക്താക്കൾക്ക് പ്രോൽസാഹനം നല്കാനും അത്തരം പരിസ്ഥിതി സൗഹൃദ ഉപഭോഗവസ്തുക്കൾക്ക് വിപണി വിഹിതം ഉറപ്പു വരുത്തുവാനുമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്.
എല്ലാ മേഖലയിലുമുളള ഉപഭോഗ വസ്തുക്കള്‍ ഇന്ന് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളായി വിപണിയിൽ ലഭ്യമാണ്. ഭക്ഷ്യ മേഖലയിൽ ഇന്ന് ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ എന്നിവ പൊതുവിതരണ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും ചില്ലറ വിൽപന ശാലകളിൽ ലഭ്യമാണ്. എന്നാൽ ഇവ വലിയ അളവിൽ എല്ലാ ആവശ്യക്കാർക്കും ഇഷ്ടാനുസരണം ലഭ്യമാവുന്നില്ല. അതിനാൽ ഭക്ഷ്യ മേഖലയിലെ ജെവ ഉത്പന്നങ്ങളുടെ ഉത്പാദനം വർദ്ധിക്കേണ്ടതായിട്ടുണ്ട്.
ഉപയോഗ ശൂന്യമെന്ന് കരുതി ഉപേക്ഷിക്കുന്ന പഴയ ഫർണിച്ചർ, വസ്ത്രങ്ങൾ, ഉപകരണങ്ങൾ ഇവയിൽ പലതും റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കാവുന്നവയാണ്. ഗതാഗത മേഖലയിൽ മലിനീകരണമില്ലാത്ത ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക, പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ പരിസ്ഥിതി നാശമില്ലാതെ സംസ്ക്കരിക്കുവാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക ഇവയെല്ലാം തന്നെ ഒരു പുതിയ ഹരിത ഉപഭോക്തൃ സംസ്കാരം രൂപപ്പെടുത്തുന്നതിന് സഹായകമാണ്.
പ്രകൃതി സംരക്ഷണത്തിലൂടെ സുസ്ഥിരവികസനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ഹരിത ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാന്‍ താല്‍പര്യം കാണിക്കുന്ന ഉപഭോക്താവിനെയാണ് ഹരിത ഉപഭോക്താവ് എന്നര്‍ത്ഥമാക്കുന്നത്. ഭൂമിയുടെ നിലനില്‍പ്പിന് കോട്ടംവരുത്താതെ ആരോഗ്യകരവൂം സുരക്ഷിതവുമായ ജീവിതശൈലിയാണ് ഒരു ഹരിത ഉപഭോക്താവ് പിന്തുടരേണ്ടത്. ഹരിത ഉപഭോക്താക്കളുടെ എണ്ണം ലോകത്ത് അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഹരിത ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അവബോധം പുതുതലമുറയ്ക്ക് നല്‍കുന്നതോടൊപ്പം ഹരിത ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ അവശ്യാനുസരണം ലഭ്യമാക്കാനുള്ള നടപടികളും നാം സ്വീകരിക്കേണ്ടതുണ്ട്.
ഹരിത ഉപഭോഗം പരമാവധി വർദ്ധിപ്പിക്കേണ്ട മേഖലകൾ ഊർജം, ഭക്ഷ്യം, കൃഷി എന്നിവയാണ്. ഭക്ഷ്യ മേഖലയിൽ ഹരിത ഉപഭോഗം വർദ്ധിപ്പിക്കുവാൻ സംസ്ഥാന ഭക്ഷ്യ വകുപ്പിനും, ഉപഭോക്‌തൃ കാര്യവകുപ്പിനും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. ജൈവ ഭക്ഷണത്തിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന് പ്രമുഖമായ ഒരു സ്ഥാനമുണ്ട്. പ്രാദേശികമായി ലഭ്യമാകുന്ന ജൈവ പച്ചക്കറി, ഭക്ഷ്യ ധാന്യങ്ങൾ ഇവയെല്ലാം പ്രാദേശികമായി വിപണനം ചെയ്യുന്നതിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനും സിവിൽ സപ്ലൈസ് കോർപ്പറേഷന്‍ പദ്ധതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതു വഴി ഓരോ പ്രദേശത്തുമുളള നാമമാത്ര കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിപണിയിൽ ഇടത്തട്ടുകാരുടെ ചൂഷണമില്ലാതെ വിൽക്കുവാനും ഉത്പന്നങ്ങൾക്ക് മാർക്കറ്റ് വില ഉറപ്പു വരുത്തുവാനും കഴിയും.
ഉപഭോക്താക്കളിൽ ഹരിത ഉപഭോക്തൃ ഉത്പന്നങ്ങളെ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാനും ഭക്ഷ്യ മേഖലയിലെ ഹരിത സംരംഭകർക്ക് പ്രോൽസാഹനം നല്കുവാനും സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പ് ആലോച്ക്കുന്നു. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാൻ ഹരിത ഉപഭോക്തൃ ദിനമായ സെപ്റ്റംബർ 28 ന് സംസ്ഥാനത്ത് ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. പ്രകൃതിയെ മലിനപ്പെടുത്താതെ ഹരിത ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കണം ഹരിത ഉപഭോക്തൃദിനത്തില്‍ നാം കൈമാറേണ്ട സന്ദേശം.
എല്ലാവര്‍ക്കും ഹരിത ഉപഭോക്തൃദിനാശംസകള്‍.