പരീക്ഷണമെന്ന രീതിയിലായിരുന്നു തുടക്കം. പക്ഷേ, ജനങ്ങൾ ഏറ്റെടുത്തതും വിജയവഴി തുറന്നതും വളരെ പെട്ടെന്നാണ്. ഓരോ ദിവസവും നേട്ടങ്ങളുടെ പടവുകൾ പിന്നിട്ട് സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ് സപ്ലൈകോ എക്സ്പ്രസ് മാർട്ട് എന്ന ആശയം.
സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികാഘോഷത്തിൻറെ ഭാഗമായി ജില്ലകളിൽ നടക്കുന്ന എൻറെ കേരളം പ്രദർശന വിപണന മേളകളിൽ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ എക്സ്പ്രസ് ഗിയറിലാണ് മാർട്ടിലെ വിൽപ്പന മുന്നേറുന്നത്.
തെരഞ്ഞെടുത്ത എഫ്.എം.സി.ജി സാധനങ്ങളും ശബരി ഉൽപ്പന്നങ്ങളും മാത്രം ഉൾപ്പെടുത്തി, പ്രത്യേക ഓഫറുകളും വിലക്കുറവുമായി ഇരുന്നൂറ് ചതുരശ്ര മീറ്ററിൽ സപ്ലൈകോയുടെ ആധുനിക ഔട്ട്ലെറ്റിൻറെ മാതൃകയിലാണ് എക്സ്പ്രസ് മാർട്ട് എന്ന ആശയം സജ്ജീകരിച്ചത്.
എറണാകുളം മറൈൻ ഡ്രൈവിൽ ഏപ്രിൽ ഒന്നിന് വൈകിട്ട് ആരംഭിച്ച മേളയിലായിരുന്നു തുടക്കം. ഏപ്രിൽ രണ്ടിന് 48,053 രൂപ വില്പന നടന്നു. ഏപ്രിൽ ആറിന് ഒരു ലക്ഷത്തിലെത്തിയതോടെ വലിയൊരു വിജയം ഉറപ്പായി. ശേഷിച്ച രണ്ടു ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിൽ വിൽപ്പനയുണ്ടായി. എറണാകുളത്തെ മേളയിൽ എട്ടു ദിവസംകൊണ്ട് 5.90 ലക്ഷം രൂപ വിറ്റുവരവ് നേടാനായി.
താരതമ്യേന ജനത്തിരക്ക് കൂടുതൽ കണ്ട കണ്ണൂരിൽ വിൽപ്പന വീണ്ടും കുതിക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷ. ഏപ്രിൽ 11ന് വൈകുന്നേരം തുടങ്ങിയ എക്സ്പ്രസ് മാർട്ടിൽ പിറ്റേന്നുതന്നെ ഒരു ലക്ഷത്തിൻറെ വിൽപ്പന നടന്നു. വിഷു ദിവസം മുതൽ കച്ചവടത്തിൽ കുറവുണ്ടായെങ്കിലും ഏഴു ദിവസം കൊണ്ട് 5.09 ലക്ഷം രൂപ നേടാനായി. വാണിജ്യ സ്റ്റാളുകൾക്കുള്ള പുരസ്കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
എറണാകുളം, കണ്ണൂർ ഡിപ്പോ മാനേജർമാരുടെയും ഔട്ട്ലെറ്റ് ചുമതല വഹിച്ചവരുടെയും നിർദ്ദേശങ്ങൾ കണക്കിലെടുത്ത് സ്റ്റാളിനു സമീപത്തുതന്നെ സ്റ്റോക്ക് സൂക്ഷിക്കുന്നതിനുള്ള സംവിധാനം കൂടി ഒരുക്കിയാണ് ഏപ്രിൽ 24 വൈകുന്നേരം തുടങ്ങിയ വയനാട് മേളയിൽ സപ്ലൈകോ പങ്കെടുത്തത്.
ഈസ്റ്റർ, വിഷു, റംസാൻ പർച്ചേസുകൾ അവസാനിച്ചതിനാലും മാസാവസാനമായതിനാലും വയനാട്ടിൽ വിൽപന കുറഞ്ഞേക്കുമെന്നു കരുതി.
പക്ഷെ, വയനാട്ടിലെ സപ്ലൈകോ ജീവനക്കാരുടെ ഊർജ്വസ്വലമായ പ്രവർത്തനത്തിൽ ഏക്സ്പ്രസ് മാർട്ട് വിൽപ്പനയിൽ പുതിയ റെക്കോർഡ് കുറിക്കുന്നതാണ് കണ്ടത്. ഏപ്രിൽ 25ന് 61761 രൂപയുടെ വില്പനയിലാണ് തുടങ്ങിയത്. തൊട്ടടുത്ത ദിവസം തന്നെ 1.04 ലക്ഷത്തിലെത്തി. മൂന്നാം ദിവസം 1.6 3 ലക്ഷം രൂപയിലെത്തിയതോടെ പ്രതിദിനം രണ്ടു ലക്ഷം രൂപ എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ജീവനക്കാരുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ.
അതുകൊണ്ടുതന്നെ തുടർന്നുള്ള വൈകുന്നേരങ്ങളിൽ സപ്ലൈകോ എക്സ്പ്രസ് മാർട്ടിൻറെ പുതിയ കണക്കുകൾ വരുന്നതു കാണാനുള്ള ആകാംക്ഷയിലായിരുന്നു സപ്ലൈകോ അംഗങ്ങൾ മുഴുവൻ. എന്നാൽ തുടർച്ചയായി പെയ്ത മഴ പലപ്പോഴും ജീവനക്കാരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു.
ഏപ്രിൽ 29ന് രണ്ടു ലക്ഷം തൊടുമെന്ന് കരുതിയെങ്കിലും വെറും 7000 രൂപയുടെ കുറവിലാണ് ആ ലക്ഷ്യം കൈവിട്ടത്. ഇതിൻറെ ക്ഷീണം പരിഹരിക്കുന്നതിനുള്ള ഊർജ്ജിത പ്രവർത്തനമായിരുന്നു പിറ്റേന്ന്. രാത്രി പത്തുമണിയോടെ എഫ് എം സി ജി ഉത്പന്നങ്ങളുടെ മാത്രം വില്പന ഒരു ലക്ഷത്തിനടുത്തും ആകെ പ്രതിദിന വിൽപ്പന 2.39 ലക്ഷവും എത്തിയപ്പോൾ വയനാട്ടിലെ ജീവനക്കാരുടെ ആവേശം സപ്ലൈകോ കൂട്ടായ്മ ഒന്നാകെ ഏറ്റെടുത്തു.
മലപ്പുറം പൊന്നാനിയിൽ മെയ് നാലിനും, കോഴിക്കോട്ട് മെയ് 12നും, തിരുവനന്തപുരത്ത് മെയ് 20നും ആരംഭിക്കുന്ന എൻറെ കേരളം മേളകളിലും ഏക്സ്പ്രസ് മാർട്ട് ഉണ്ടാവും. വിറ്റുവരവിൻറെ ഗ്രാഫ് കൂടുതൽ ഉയരങ്ങളിലെത്തുന്നതിനുള്ള അധ്വാനവും കാത്തിരിപ്പുമാണ് ഇനി.
എറണാകുളം, കണ്ണൂർ, വയനാട് ജില്ലകളിലെ മേളകളിൽനിന്നുള്ള അനുഭവവും അറിവും വിലപ്പെട്ടതാണ്. വീഴ്ചകളും കുറവുകളും മനസ്സിലാക്കാനും പുതിയ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാനും അത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.
ആരുടെയും പേരെടുത്തു പറയുന്നില്ല. പുതിയൊരു ആശയം ആവേശത്തോടെ ഏറ്റെടുക്കാനും കയ്യും മെയ്യും മറന്ന് അധ്വാനിച്ച് വിജയിപ്പിക്കാനും പരിശ്രമിച്ച എല്ലാവർക്കും നന്ദി.