Strong action will be taken to control inflation: Minister GR Anil

വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി ജി.ആര്‍.അനില്‍  

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ നിയമസഭയില്‍ അറിയിച്ചു.

 നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് എം.എല്‍.എ. ശ്രീ.റോജി എം. ജോണ്‍ അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.   

ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റായ കേരളത്തിന് ആവശ്യമായ മിക്ക നിത്യോപയോഗസാധനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്.  പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവും കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്തെ കർഷകർ സമരമുഖത്തായിരുന്നതുമൂലവും, ഉത്പാദനം കുറഞ്ഞതും നിത്യോപയോഗസാധനങ്ങളുടെ വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.  എന്നാല്‍ കേരള സര്‍ക്കാര്‍ പൊതുവിതരണ ശൃംഖല വഴി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ വഴിയും നിത്യോപയോഗ സാധനങ്ങള്‍ വില കുറച്ച് ജനങ്ങളിലെത്തിക്കുന്നതിന് എല്ലാ പരിശ്രമവും നടത്തിവരുന്നു.  13 ഇനം നിത്യോപയോഗസാധനങ്ങള്‍ 2016-ലെ വിലയ്ക്ക് ഒരു വര്‍ദ്ധനവും വരുത്താതെ ഇപ്പോഴും സപ്ലൈകോ വഴി വിതരണം ചെയ്തുവരുന്നു.  വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണി ഇടപെടലിലൂടെ 2016-2022 കാലഘട്ടത്തില്‍ 1853 കോടി രൂപ സബ്സിഡി ഇനത്തിലും‍ കൂടാതെ കോവിഡ് മഹാമാരിക്കാലത്ത് 11 തവണ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിലൂടെ 6000 കോടി രൂപയും ചെലവഴിച്ചു.

ആരും പട്ടിണി കിടക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായി ജനകീയ/സുഭിക്ഷാ ഹോട്ടലുകള്‍ സ്ഥാപിച്ച് 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. രാജ്യത്തെ മറ്റേത് സംസ്ഥാനത്താണ് കോവിഡ് കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഇത്രയും വലിയ തുക ചെലവഴിച്ചിട്ടുള്ളതെന്നും മന്ത്രി പ്രതിപക്ഷത്തോടായി ചോദിച്ചു. അവശ്യസാധന നിയമപ്രകാരം വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തിന് ഉണ്ടായിരുന്ന വിപുലമായ അധികാരം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തതിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുന്നതിന് സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സെന്റര്‍ ഫോര്‍ പ്രൈസ് റിസര്‍ച്ച് എന്ന സ്ഥാപനം സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.  ഇതിനായി 12 ലക്ഷം രൂപ ഇത്തവണത്തെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളിലെ വിലനിലവാരം വിശദമായി പഠിച്ച് വില കുറഞ്ഞ് നില്‍ക്കുന്ന അവസരത്തില്‍ കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതിനാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.