Strong measures have been taken to control inflation

സംസ്ഥാനത്ത് പച്ചക്കറികളും അവശ്യസാധനങ്ങളുടെയും വില വർദ്ധനവ് നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചു. വിലക്കയറ്റത്തിന്റെ തോത് ദേശീയ ശരാശരിയേക്കാൾ കുറവുള്ള സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിൽ പച്ചക്കറി ഉത്പന്നങ്ങൾ, കോഴി ഇറച്ചി എന്നിവയുടെ വിലയിൽ ഉണ്ടാകുന്ന വില വർദ്ധനവ് സംബന്ധിച്ച് ജില്ലാ കളക്ടർമാർ അടിയന്തിര പരിശോധനകൾ നടത്തണം. ഓരോ ജില്ലയിലേയും വിലക്കയറ്റം സംബന്ധിച്ച് ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസർമാരും, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും അടങ്ങുന്ന വില നിലവാര നിരീക്ഷണ സമിതി കാര്യക്ഷമമായി പ്രവർത്തിക്കണം. എ.ഡി.എം/ആർ.ഡി.ഒ/അസിസ്റ്റന്റ് കളക്ടർമാർ ഉൾപ്പെടെയുള്ളവർ പരിശോധനകൾക്ക് നേതൃത്വം നൽകണം. ജില്ലാ തലത്തിലെ ഹോൾസെയിൽ ഡീലേഴ്സുമായി ജില്ലാ കളക്ടർമാർ ചർച്ച നടത്തി വിലക്കയറ്റം കൃത്രിമമായി സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണം. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നു വരുന്ന വാഹനങ്ങൾ കർശന പരിശോധനക്കു വിധേയമാക്കണം.

എല്ലാ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തിൽ വില നിരീക്ഷിക്കുന്ന സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പൊതുവിപണിയിൽ വിലക്കയറ്റം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കുന്ന ഒരു പ്രവണത കണ്ട് വരാറുണ്ട്. അതുകൂടി മുന്നിൽക്കണ്ടുകൊണ്ട് വില നിയന്ത്രണ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കും.