Subhiksha Hotel , satisfy hunger

 20 രൂപയ്ക്ക് ഊണ്
—-
സംസ്ഥാനത്ത് വിശന്നിരിക്കുന്നവര്‍ ഉണ്ടാകാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2017ല്‍ വിശപ്പുരഹിതം കേരളം പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഉച്ചഭക്ഷണം ലഭ്യമാക്കാന്‍ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷ ഹോട്ടല്‍. പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പദ്ധതിയില്‍ കിടപ്പുരോഗികള്‍, അശരണര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവര്‍ക്കും മിതമായ നിരക്കില്‍ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

20 രൂപ നിരക്കില്‍ ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷ ഹോട്ടല്‍ പദ്ധതി ആലപ്പുഴ ജില്ലയിലാണ് ആദ്യം ആരംഭിച്ചത്. പിന്നീട് തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്, പത്തനംതിട്ട‍ എന്നീ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഇവിടങ്ങളിലെ വിജയത്തെതുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും സുഭിക്ഷ ഹോട്ടല്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം ഓരോ നിയോജക മണ്ഡലത്തിലും ഒരു ഹോട്ടല്‍ വീതം തുടങ്ങുന്നതിനുള്ള പദ്ധതിയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് തയ്യാറാക്കിയതെങ്കിലും രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 42 സുഭിക്ഷ ഹോട്ടലുകള്‍ പുതുതായി ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ സുഭിക്ഷ ഹോട്ടലുകളുടെ എണ്ണം 52 ആയി.

തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ജനകീയ ഹോട്ടലുകളുടെ മറ്റൊരു പതിപ്പാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ ഹോട്ടലുകള്‍. സുഭിക്ഷ ഹോട്ടലുകളില്‍ ഊണ്‍ മാത്രമല്ല, പ്രഭാതഭക്ഷണം, ചായ, മറ്റ് ലഘുഭക്ഷണങ്ങള്‍ എന്നിവ കൂടി ലഭിക്കും. ഹോട്ടല്‍ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള കുടുബശ്രീ യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, സഹകരണ സംഘടനകള്‍ എന്നിവരാണ് സുഭിക്ഷ ഹോട്ടലുകള്‍ നടത്തുന്നത്.
പ്രാരംഭ ചെലവുകള്‍ക്കായി ഓരോ ഹോട്ടലിനും പരമാവധി 10 ലക്ഷം രൂപ വരെയും ഹോട്ടലിന്റെ തുടര്‍നടത്തിപ്പിനുള്ള ചെലവുകളും അനുവദിക്കും. കൂടുതല്‍ കറികളും മറ്റും സുഭിക്ഷ കമ്മിറ്റി നിശ്ചയിച്ച തുകയ്ക്ക് നല്‍കാം. പ്രഭാതഭക്ഷണവും നിശ്ചിതവിലയ്ക്ക് ഹോട്ടലില്‍ ലഭ്യമാണ്.