An online filing system has been introduced in the consumer dispute resolution courts in the state

സംസ്ഥാനത്തെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതികളില്‍ ഓണ്‍ലൈന്‍ ഫയലിംഗ് സംവിധാനം നിലവില്‍ വന്നു       

സംസ്ഥാനത്തെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതികളില്‍ ഓണ്‍ലൈനില്‍ പരാതികള്‍ ഫയല്‍ ചെയ്യുന്നതിനുള്ള ‘ഇ-ദാഖില്‍’ സംവിധാനം നിലവില്‍ വന്നു.  2019-ലെ ഉപഭോക്തൃ നിയമത്തിന്‍ കീഴില്‍ സ്ഥാപിതമായ ഓണ്‍ലൈന്‍ കേസ് ഫയലിംഗ് സംവധാനമാണ് ഇ-ദാഖില്‍. പരാതികള്‍ ഫയല്‍ ചെയ്യുന്നതിനോടൊപ്പം ഒടുക്കേണ്ട ഫീസും ഓണ്‍ലൈനായി ഒടുക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കും. നിലവില്‍ 5 ലക്ഷം രൂപ വരെ വാല്യേഷനുള്ള കേസുകള്‍ക്ക് ഫീസ് ഒടുക്കേണ്ടതില്ല.കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ എന്‍.ഐ.സി. യാണ്  പോര്‍ട്ടല്‍ ഡവലപ്പ് ചെയ്തിട്ടുള്ളത്. ഹിന്ദിയിലും , ഇംഗ്ലീഷിലും   മാത്രമാണ് നിലവില്‍ പോര്‍ട്ടല്‍  ഉപയോഗിക്കാന്‍ സാധിക്കുന്നത്‌ . മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും . പൊതുവിതരണ വകുപ്പ് രൂപീകൃതമായിട്ട് 60 വര്‍ഷം കഴിഞ്ഞു. പരമ്പരാഗത ശൈലിയില്‍ നിന്നു മാറി സാങ്കേതിക വിദ്യയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍  സ്വീകരിച്ചുവരികയാണ്. ഉപഭോക്താക്കള്‍ക്ക് നീതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഉപഭോക്തൃകാര്യ വകുപ്പില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഗ്രാമപ്രദേശങ്ങളിലെയും വിദൂരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഇ-സൗകര്യം ഉപയോഗിക്കുന്നതിനായി ജനസേവന കേന്ദ്രങ്ങളുമായി ഇ-ദാഖില്‍ സംവിധാനം സംയോജിപ്പിച്ചിട്ടുണ്ട്. സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാത്തവര്‍ക്കും ജനസേവനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇ-ദാഖില്‍ സംവിധാനത്തിലൂടെ ഉപഭോക്തൃ കോടതികളില്‍ പരാതികള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട നിയമപരമായ പരിരക്ഷ നല്‍കേണ്ടതുണ്ടെന്നും അവ വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിക്കണമെന്നും , പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലൂടെ ഇത്തരം സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ എല്ലാ സേവനങ്ങളും ഇപ്പോള്‍ ഇ-സേവനങ്ങളിലേയ്ക്ക് മാറിക്കഴിഞ്ഞു.