പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പ് സമഗ്രമായ ഇടപെടല്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന ‘അരിവണ്ടി’ സംസ്ഥാനത്തൊട്ടാകെ 500 കേന്ദ്രങ്ങളില്‍ സബ്സിഡി നിരക്കില്‍ അരിവിതരണം നടത്തുന്നു. ജയ അരി കിലോഗ്രാമിന് 25/- രൂപ, കുറുവ അരി 25/- രൂപ, മട്ട അരി 24/- രൂപ എന്നീ നാല് ഇനങ്ങളും കൂടി റേഷന്‍ കാര്‍ഡൊന്നിന് 10 കിലോ അരി ലഭിക്കും. സപ്ലൈകോ മാവേലിസ്റ്റോർ, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ ഇല്ലാത്ത താലൂക്ക്/പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി എത്തുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും അതത് സ്ഥലത്തെ ജനപ്രതിനിധികൾ അരിവണ്ടിയുടെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിക്കും.

 സംസ്ഥാനത്തെ 10 ജില്ലകളില്‍ (തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍ഗോഡ്) നവംബര്‍ 2 മുതല്‍ അരിവണ്ടി എത്തുന്നതാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിതരണം നടക്കും. അരി വാങ്ങുന്നതിന് റേഷന്‍ കാര്‍ഡ് ഹാജരാക്കണം. ഒരു ജില്ലയിൽ ഒരു താലൂക്കിലെ പ്രധാന കേന്ദ്രങ്ങളില്‍ രണ്ട് ദിവസങ്ങളിലായി അരിവിതരണം നടത്തും.