Supplyco will give 8.33 percent bonus to employees

സപ്ലൈകോ ജീവനക്കാർക്ക് 8.33 ശതമാനം ബോണസ് നൽകും

കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് 8.33 ശതമാനം ബോണസായി നൽകും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30 ദിവസത്തിൽ കുറയാതെ ഹാജരുള്ളവരും 24,000 രൂപ വരെ പ്രതിമാസ ശമ്പളവുമുള്ളവരുമായ സപ്ലൈകോയുടെ സ്ഥിരം ജീവനക്കാർക്കാണ് ബോണസ് നൽകുന്നത്. ഏഴായിരം രൂപ എന്ന പരിധിക്ക് വിധേയമായാണ് ബോണസ് അനുവദിക്കുന്നത്. ഇതനുസരിച്ച് ജീവനക്കാർക്ക് 6,996 രൂപയാണ് ബോണസായി ലഭിക്കുക. സപ്ലൈകോയിൽ ഡെപ്യൂട്ടേഷനിലുള്ള സർക്കാർ ജീവനക്കാരിൽ 34,240 രൂപയിൽ അധികരിക്കാതെ ശമ്പളം ലഭിക്കുന്നവർക്ക് 4,000 രൂപ ബോണസായി നല്‍കും.

സപ്ലൈകോയിലെ വിവിധ താത്കാലിക -കരാർ തൊഴിലാളികളിൽ 180 ദിവസം ഹാജരുള്ള 24,000 രൂപ വരെ ശമ്പളം പറ്റുന്ന തൊഴിലാളികൾക്ക് 3,750 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷം നൽകിയ 3,500 രൂപയിൽ നിന്ന് 250 രൂപ ഈ വർഷം ഈ വിഭാഗത്തിന് വർധിപ്പിച്ചു നൽകി. 180 ദിവസത്തിൽ കുറവ് ഹാജരുള്ളവർക്ക് ഹാജരിന് ആനുപാതികമായി ബോണസ് ലഭിക്കും.

24,000 രൂപയിൽ അധികം ശമ്പളമുള്ള സപ്ലൈകോയുടെ സ്ഥിരം-താൽകാലിക ജീവനക്കാർക്കും 34,240 രൂപയിൽ അധികം ശമ്പളമുള്ള ഡെപ്യൂട്ടേഷൻ ജീവനക്കാർക്കും സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള ഉത്സവബത്ത ആയിരിക്കും ലഭിക്കുക.

സ്ഥിരം ജീവനക്കാർക്ക് 10 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ 25,000 രൂപ ഫെസ്റ്റിവൽ അഡ്വാൻസ് അനുവദിക്കും. കൂടാതെ എല്ലാ വിഭാഗം ജീവനക്കാർക്കും 900 രൂപയുടെ സമ്മാനകൂപ്പൺ നൽകുന്നതാണ്. ഇത് ഉപയോഗിച്ച് സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങാം.