സപ്ലൈകോ സബ്സിഡി സാധനങ്ങുടെ വില പരിഷ്ക്കരിക്കും

സപ്ലൈകോ മുഖേന വിതരണം ചെയ്യുന്ന പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സപ്ളൈകോയ്ക്ക് അനുമതി നൽകി. പൊതു വിപണിയിലേതിന്‍റെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വിലകൾ പുതുക്കി നിശ്ചയിച്ചത്.

സബ്സിഡി വില 35 ശതമാനം കുറവിൽ നിജപ്പെടുത്തിയാൽ പൊതുവിപണിയിൽ 1446 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 940 രൂപയ്ക്ക് ഗുണഭോക്താവിന് ലഭിക്കും. ഇതിലൂടെ 506 രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ ഗുണഭോക്താവിന് ലഭിക്കും. ഈ സംവിധാനം സുസ്ഥിരവും ശാശ്വതവുമായി നിലനിർത്തുന്നതിന് സബ്സിഡി വിലകൾ ശാസ്ത്രീയമായും യുക്തിസഹമായും പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന്  ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

2014-ൽ ആണ് ഒടുവിൽ സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിച്ചത്. അതിനുമുമ്പ് 2013 ഓഗസ്റ്റ്, 2014 ഓഗസ്റ്റ്, 2014 നവംബർ, 2014 ഡിസംബർ എന്നീ മാസങ്ങളിൽ വിലകൾ പുതുക്കി നിശ്ചയിക്കുകയുണ്ടായി. കഴിഞ്ഞ 10 വർഷക്കാലമായി പൊതുവിപണിയിൽ ഉണ്ടായ വില വ്യത്യാസത്തിന്റെ ഫലമായി നിലവിലുള്ള പൊതുവിപണി വിലയും സബ്സിഡി വിലയും തമ്മിൽ വലിയ വ്യത്യാസമാണുണ്ടായത്. ഇതുമൂലം ഭീമമായ ബാധ്യതയാണ് സപ്ലൈകോയ്ക്ക് വന്നത്.

പ്രതിമാസം ശരാശരി 35-40 ലക്ഷം കുടുംബങ്ങൾ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നുണ്ട്. വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ സപ്ലൈകോയ്ക്ക് പ്രതിമാസം ശരാശരി 35 കോടി രൂപയുടെയും പ്രതിവർഷം ശരാശരി 425 കോടി രൂപയുടെയും സബ്സിഡി ബാധ്യതയാണ് ഉണ്ടാകുന്നത്.