സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ e-KYC അപ്ഡേഷൻ സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിച്ച് വിജയകരമായി നടന്നു വരികയാണ്. റേഷന്‍ വ്യാപാരികളില്‍ നിന്നും ഗുണഭോക്താക്കളില്‍ നിന്നും മികച്ച രീതിയിലുള്ള സഹകരണവും പിന്‍തുണയുമാണ് മസ്റ്ററിംഗിന് ലഭിച്ചു വരുന്നത്.
ഏറെ താമസിച്ചാണ് കേരളത്തില്‍ മസ്റ്ററിംഗ് നടപടികള്‍ ആരംഭിച്ചതെങ്കിലും ഏറ്റവും കൂടുതല്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ച രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. നവംബര്‍ 5-ാം തീയതി അവസാനിക്കുന്ന മസ്റ്ററിംഗ് നടപടികള്‍ തുടരുന്നതാണ്. 6-ാം തീയതി മുതല്‍ ഐറിസ് സ്കാനറിന്റെ ഉപയോഗം വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവരെ സംസ്ഥാനത്തെ 84.21 ശതമാനം എ.എ.വൈ, പി.എച്ച്.എച്ച് റേഷന്‍കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 19,84,134 എ.എ.വൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,686 പേര്‍ അതായത് 84.45 ശതമാനം ഗുണഭോക്താക്കളും പി.എച്ച്.എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളില്‍ 1,12,73,363 പേരും അതായത് 84.18 ശതമാനം ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചു.
ആദ്യ ഘട്ടത്തിൽ അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെയുള്ള ക്യാമ്പുകൾ സംഘടിപ്പിച്ച് e-KYC അപ്ഡേഷൻ താലൂക്കുകളിൽ നടത്തി വരുന്നു. സംസ്ഥാനത്ത് ആകെ 242 സ്കാനറുകൾ നിലവിലുണ്ട്. ഇത് കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് UIDAI അംഗീകാരമുള്ള മേരാ KYC മൊബൈല്‍ ആപ്പ് ഹൈദ്രാബാദ് NIC-യുടെ സഹായത്തോടെ വികസിപ്പിച്ചിട്ടുണ്ട്. പ്രസ്തുത ആപ്പിന്റെ സാങ്കേതിക പരിശോധന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തി വരുകയാണ്. 11-ാം തീയതിയോടെ ഈ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് e-KYC അപ്ഡേഷൻ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ മൊബൈല്‍ ആപ്പിലൂടെ മസ്റ്ററിംഗ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കിടപ്പ് രോഗികൾക്കും ഇ-പോസിൽ വിരലടയാളം പതിയാത്തവർക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്താന്‍ കഴിയും. ഇത്തരം പ്രവര്‍ത്തനത്തിലൂടെ നവംബർ മാസം 30-ാം തീയതിക്കുള്ളിൽ കേരളത്തിലുള്ള മുഴുവന്‍ എ.എ.വൈ, പി.എച്ച്.എച്ച് റേഷന്‍കാര്‍ഡ് ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് 100 ശതമാനം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.