ലോക ടൂറിസം ദിനം.
സമഗ്രവികസനത്തിന് ടൂറിസം (Tourism For Inclusive Growth) എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. കോവിഡാനന്തരം നമ്മുടെ വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വാണ് സര്‍ക്കാരും ടൂറിസം വകുപ്പും ലക്ഷ്യമിടുന്നത്.
ടൂറിസം രംഗത്ത് നെടുമങ്ങാട് മണ്ഡലത്തിലെ സാധ്യതകളെ ഉപയോഗപ്പെടുത്തി നിരവധി പദ്ധതികളാണ് ലക്ഷ്യംവയ്ക്കുന്നത്. ഇതിൽ വെളളാണിക്കൽ, തമ്പുരാൻ പാറ ഇക്കോ ടൂറിസം പദ്ധതി നിർമ്മാണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ വെള്ളൂർ വാർഡിൽ 36 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് ആനതാഴ്ച്ചിറ. 36 ഏക്കറിൽ 12 ഏക്കർ മാത്രമാണ് മഴവെള്ള സംഭരണി ,ബാക്കി 22 ഏക്കർ കരഭൂമിയാണ്. പ്രകൃതി രമണീയമായ ഈ സ്ഥലത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്.
കുടാതെ ആനതാഴ്ചിറ, പോത്തൻകോട് മാണിക്കൽ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള വെള്ളാണിക്കൽ പാറ, വെമ്പായം പഞ്ചായത്തിലെ തമ്പുരാൻ – തമ്പുരാട്ടിപ്പാറ, നെടുമങ്ങാട് നഗരസഭയിൽ കോയിക്കൽ കൊട്ടാരം, പത്താംകല്ല് ജംഗ്ഷനിൽ രണ്ടു ഘട്ടങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ളതും നിർമ്മാണ ഘട്ടത്തിലുള്ള “മോട്ടൽ ആരാം ടൂറിസം” എന്നിവയെ ബന്ധപ്പെടുത്തി ഇക്കോടൂറിസം പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു.
ഈ പദ്ധതികൾ നിലവിൽ വരുന്നതോടെ നെടുമങ്ങാടിന് കേരളത്തിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിൽ വ്യകതമായ സ്വാധീനമുണ്ടാകുവാൻ കഴിയും.