Vandoor Supplyco Supermarket dedicated to the nation

വണ്ടൂർ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് നാടിനു സമർപ്പിച്ചു

കടുത്ത സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുമ്പോഴും സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ രംഗം രാജ്യത്തിന് മാതൃകയാണെന്നും റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ ഇല്ലായെന്നത് കള്ള പ്രചാരണമാണെന്നും ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. സപ്ലൈക്കോയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വണ്ടൂർ ഗ്രാമ പഞ്ചായത്തിലെ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉപഭോക്തൃ സംസ്ഥാനമായിട്ടും സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം ശക്തമായി പ്രവർത്തിക്കുന്നതിനാൽ രാജ്യത്തുണ്ടാകുന്ന വലിയ വിലക്കയറ്റം ഒരു പരിധിവരെ ബാധിക്കാറില്ല. കേരളത്തിൽ മാത്രമാണ് എല്ലാ കുടുംബങ്ങളും ഭക്ഷ്യധാന്യ പദ്ധതിയിൽ ഉൾപ്പെട്ട് റേഷൻ കാർഡ് ലഭിച്ചിട്ടുള്ളത്. രാജ്യത്ത് പൊതുവിതരണ രംഗം പരിമിതപ്പെടുത്തി പണം ബാങ്ക് അക്കൗണ്ടിൽ നൽകുന്ന സംവിധാനം നടപ്പാക്കി പൊതുവിതരണരംഗം പരിമിതപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് ഗുരുതര പ്രതിസന്ധികൾ ഭാവിയിൽ ഉണ്ടാക്കാനിടയുണ്ട്. ഈ പ്രതിസന്ധി കാലത്തും ജില്ലയിൽ 156 ഓളം പൊതുവിതരണ കേന്ദ്രങ്ങളും സംസ്ഥാനത്ത് 1700 പരം കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ആഘോഷ സീസണുകളിലടക്കം പൊതുവിതരണ കേന്ദ്രങ്ങളിലൂടെയും സഹകരണ സ്ഥാപനങ്ങളിലൂടെയും പൊതു വിതരണ സംവിധാനം സംസ്ഥാനത്ത് ശക്തമായി പ്രവർത്തിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. ജനുവരി മാസത്തിൽ റേഷൻ വ്യാപാരികളുടെ സമരം നടന്നിരുന്നതിനാൽ ഇനിയും വാങ്ങാൻ കഴിയാത്തവർക്ക് ഭക്ഷ്യധാന്യങ്ങൾ ഫെബ്രുവരി നാലു വരെ റേഷൻ കടകൾ വഴി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിൽ ഇന്നുവരെ ജനുവരി മാസത്തെ ഭക്ഷ്യധാന്യ വിതരണം മുൻഗണനാ വിഭാഗത്തിൽ 98 ശതമാനം പൂർത്തിയായിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.