Seasonal paddy prices will be paid this week itself

സീസണിലെ നെല്ലുവില ഈയാഴ്ച തന്നെ നൽകിത്തുടങ്ങും

ഇത്തവണത്തെ സീസണിലെ നെല്ല് സംഭരണം പുരോഗമിക്കുകയാണെന്നും ഇതുവരെ സംഭവിച്ച നെല്ലിൻറെ വില ഈയാഴ്ച തന്നെ നൽകി തുടങ്ങാനാവുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇത്തവണത്തെ നെല്ലുവില നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ് . ധനവകുപ്പിൽ നിന്ന് വില നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഇത്തവണ ഇതുവരെ 5138 കർഷകരിൽ നിന്ന് 16,268 മെട്രിക് ടൺ നെല്ലാണ് സംഭവിച്ചത്. 46 കോടി രൂപയുടെ നെല്ല് ഉണ്ടിത്. സർക്കാർ 175 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ തുക കർഷകർക്ക് നൽകി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഒരു കർഷക സംഘടന ആലപ്പുഴ കളക്ടറേറ്റിനു മുൻപിൽ നടത്തുന്ന നിരാഹാര സമരത്തിൻറെ പശ്ചാത്തലത്തിലാണ് മന്ത്രി അടിയന്തരയോഗം കലക്ടറേറ്റിൽ വിളിച്ചത്. ഭക്ഷ്യ മന്ത്രി ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദും ഓൺലൈനായി പങ്കെടുത്തു. തോമസ് കെ . തോമസ് എംഎൽഎ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, വിവിധ കർഷക സംഘടന പ്രതിനിധികൾ, സമരസമിതിയുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 2023 – 24 വർഷത്തെ മുഴുവൻ നെല്ലിന്റെയും പണം സർക്കാർ നൽകി കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ യോഗത്തിൽ പറഞ്ഞു. കഴിഞ്ഞവർഷം കർഷകർക്ക് നൽകി കഴിഞ്ഞ തുകയിൽ 829 കോടി രൂപ കേന്ദ്രം സംസ്ഥാന സർക്കാരിന് തരാൻ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയെ കാണാൻ ഡൽഹിയിൽ എത്തി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സെക്രട്ടറി തല യോഗം ചേർന്നു. കഴിഞ്ഞ സീസണിൽ 2023- 24 ൽ 453 കോടി രൂപയുടെ നെല്ലാണ് സംഭവിച്ചത്.ഇതിൽ 445 കോടി രൂപയും പിആർഎസ് ആയി കൊടുത്തു .ഏഴു കോടി 90 ലക്ഷം രൂപ പിആർഎസ് ആയി നൽകാൻ കഴിയാത്തത് സപ്ലൈകോയുടെ അക്കൗണ്ടിലേക്കും നൽകി.
ബാക്കിയുള്ളത് കർഷകരുടെ ഭാഗത്തുള്ള അക്കൗണ്ടിന്റെ പ്രശ്നമോ അവകാശ പ്രശ്നങ്ങളോ മൂലമാണ് നൽകാൻ അവശേഷിക്കുന്നത്. കേന്ദ്രം ഇത്രയും തുക നൽകാൻ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ തുക കണ്ടെത്തി നൽകുകയാണ്. ഇക്കാര്യത്തിലുള്ള തെറ്റായ പ്രചരണം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയിലെ കളക്ടറേറ്റിനു മുന്നിലുള്ള സമരസമിതിയുടെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സമരസമിതിയുടെ ആവശ്യങ്ങൾ പലതും സിവിൽ സപ്ലൈസ് വകുപ്പിന് മാത്രമായി പരിഹരിക്കാവുന്നതല്ല. നെൽ കർഷകരുടെ നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി, ധനവകുപ്പ് മന്ത്രി , കൃഷി മന്ത്രി ,സിവിൽ സപ്ലൈസ് മന്ത്രി, കുട്ടനാട് എംഎൽഎ എന്നിവരുടെ യോഗം അടുത്തുതന്നെ ചേരുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. മന്ത്രി തല യോഗത്തിന്റെ അടിസ്ഥാനത്തിൽ സമരസമിതി യോഗം ചേർന്ന് തീരുമാനം അറിയിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.