ഹരിതവൽക്കരണ വിഷയത്തിൽ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.
വർഷങ്ങളായി തുടരുന്ന ശീലങ്ങൾ മാറ്റാൻ നമുക്ക് ഭയങ്കര ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് മലയാളികൾക്ക്. കീടനാശിനി തളിക്കാത്ത പച്ചക്കറികൾ ലഭ്യമായാലും അന്യസംസ്ഥാനത്ത് നിന്ന് വരുന്ന, കീടനാശിനി തളിച്ച, കാണാൻ ഭംഗിയുള്ള പഴങ്ങളും പച്ചക്കറികളും വാങ്ങാനാണ് നമുക്ക് താൽപ്പര്യം. ഈ അവസ്ഥ മാറേണ്ടതുണ്ട്. ഇതിന് വലിയ രീതിയിലുള്ള ബോധവൽക്കരണം ആവശ്യമാണ്.
തീരദേശത്തെ മത്സ്യത്തൊഴിലാളികൾ കൂടുതൽ അളവിലും ഉയർന്ന സബ്സിഡി നിരക്കിലും മണ്ണെണ്ണ ആവശ്യപ്പെടാറുണ്ട്. യന്ത്രവൽകൃത ബോട്ടുകളിൽ ഉപയോഗിക്കാനാണിത്. എന്നാൽ മണ്ണെണ്ണ വലിയ തോതിൽ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണ്. മണ്ണെണ്ണയ്ക്ക് പകരം പെട്രോളോ ഡീസലോ സബ്സിഡി നിരക്കിൽ നൽകാമെന്ന് സർക്കാർ പറയുമ്പോൾ അംഗീകരിക്കാൻ ആളുകൾക്ക് വിഷമമാണ്. ശീലത്തിന്റെ പ്രശ്നമാണത്-
സർക്കാർ പിന്തുണയില്ലാതെ ഹരിതോൽപ്പന്നങ്ങളുടെ പ്രചാരത്തിലും ഉപഭോഗത്തിലും പുരോഗതി ഉണ്ടാകില്ല. കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് കിലോയ്ക്ക് 52.93 രൂപ നൽകിയാണ് കേരള സർക്കാർ സംഭരിക്കുന്നത്. ആ വിലക്ക് സംഭരിച്ചിട്ട് റേഷൻ കടകൾ വഴി എ.പി.എൽ വിഭാഗത്തിന് കിലോ 10.90 രൂപക്കാണ് അരി നൽകുന്നത്. ബാക്കി എല്ലാ വിഭാഗങ്ങൾക്കും അരി സൗജന്യമാണ്. ആ രീതിയിൽ വലിയ സബ്സിഡി സർക്കാർ നൽകുന്നതിനാലാണ് നെൽകൃഷിക്കാർ പിടിച്ചുനിൽക്കുന്നത്-ഭക്ഷ്യമന്ത്രി ചൂണ്ടിക്കാട്ടി. റീസൈക്കിൾ, റീയൂസ്, റെഡ്യൂസ് എന്നീ മൂന്ന് ആറുകൾക്ക് ഹരിതവൽക്കരണ പ്രവർത്തനങ്ങളിൽ വലിയ പങ്കാണുള്ളത്. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്ന കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായി.